Life StyleHealth & Fitness

മനുഷ്യ ശരീരത്തിലെ ഏറ്റവും വിലപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണ്; നേത്രദാനം മഹാദാനം

ഭൂമിയിലെ ഓരോ മനോഹരമായ കാഴ്ച്ചകള്‍ കാണാനും ആസ്വദിക്കാനും നമുക്ക് കഴിയുന്നത് കാഴ്ച്ചശക്തി ഉള്ളതു കൊണ്ടാണ്. എന്നാല്‍ കാഴ്ച്ച എന്ന അനുഭവം സാധ്യമാകാത്ത നിരവധി പേരും നമുക്ക് ചുറ്റുമുണ്ട്. പ്രകാശത്തെ തിരിച്ചറിയാനോ, വര്‍ണങ്ങള്‍ ആസ്വദിക്കാനോ കഴിയാതെ അന്ധകാരത്തില്‍ ജീവിക്കുന്നവരെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇരുട്ടില്‍ മാത്രം ജീവിക്കുന്ന ആ ജീവിതങ്ങളെ പറ്റി ഇടയ്ക്ക് എപ്പോഴെങ്കിലും ചിന്തിക്കണം.

സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് നേത്രദാനം. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളില്‍ കണ്ണിന്റെ കോര്‍ണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും കാഴ്ച്ചയില്ലാത്തവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവര്‍ക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുമെല്ലാം കണ്ണുകള്‍ ദാനം ചെയ്യാം. എന്നാല്‍ രക്താര്‍ബുദം ബാധിച്ചവര്‍ക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വയറസ്, എയ്ഡ്‌സ്, പേവിഷബാധ എന്നീ രോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയില്ല.നേത്രദാനത്തെ പറ്റി പലര്‍ക്കും അറിയാമെങ്കിലും അധികം ആരും അതിന് തയ്യാറാകില്ല.

മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്. നേത്രദാനം ചെയ്താല്‍ മുഖത്ത് വൈകൃതം ഉണ്ടാകുമെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നേത്രദാനത്തിലൂടെ കണ്ണിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എടുക്കുന്നത്. ഇത് മുഖത്ത് യാതൊരു വൈകൃതവും ഉണ്ടാക്കില്ല. പ്രായപൂര്‍ത്തിയായ ആര്‍ക്കും നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യാം.

നേതൃപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികള്‍ കടന്നു പോകാന്‍ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. ജന്മനാ ഉള്ള അസുഖങ്ങള്‍, രാസവസ്തുക്കള്‍ മൂലമുള്ള പരിക്കുകള്‍, മുറിവുകള്‍, പൊള്ളല്‍, വൈറ്റമിന്‍ എയുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയ്ക്ക് കാരണം. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവില്‍ തുന്നിപിടിപ്പിക്കുന്ന കണ്ണുമാറ്റിവെക്കല്‍ ശസത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button