Latest NewsNewsIndia

മന്ത്രിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ അമ്മമാരുടെ കണ്ണ് നിറഞ്ഞു: അവശതകള്‍ മറികടന്ന് പുതുവത്സരമാഘോഷിച്ച് അന്തേവാസികള്‍

തിരുവനന്തപുരം•പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോമില്‍ നടന്ന പുതുവത്സരാഘോഷ പരിപാടിയില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കൈയ്യില്‍ നിന്നും പുതുവത്സര സമ്മാനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അന്തേവാസികളായ പല അമ്മമാരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ജീവിത സായാഹ്നത്തില്‍ പല കാരണങ്ങളാല്‍ കെയര്‍ ഹോമില്‍ എത്തപ്പെട്ട ഈ വയോജനങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ജീവിതകഥകളാണ്. പലരുടേയും സങ്കടങ്ങള്‍ ക്ഷമയോടെ കേട്ട് അവരെ സാന്ത്വനിപ്പിച്ച് പ്രതീക്ഷ നല്‍കി അവരോടൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി അവിടം വിട്ടത്.

വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വളര്‍ത്തി വലുതാക്കിയവരെ ഒരിക്കലും തള്ളിക്കളയരുത്. ആര് തള്ളിക്കളഞ്ഞാലും അവരെ സര്‍ക്കാരിന് തള്ളിക്കളയാനാവില്ല. വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്നതാണ് നമ്മുടെ മുദ്രാവാക്യം. വയോജനങ്ങളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ വര്‍ഷത്തില്‍ ദേശീയ പുരസ്‌ക്കാരവും ലഭിക്കുകയുണ്ടായി. വയോജനങ്ങളുടെ സന്തോഷത്തിനായി മികച്ച സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഹോമാണ് 1953ല്‍ സ്ഥാപിച്ച സാമൂഹ്യനീതി വകുപ്പിന്റെ പുലയനാര്‍ കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം. 54 പുരുഷന്‍മാരും 46 സ്ത്രീകളും ഉള്‍പ്പെടെ 95 വയോജനങ്ങള്‍ക്കാണ് ഇവിടെ പരിചരണമൊരുക്കിയിരിക്കുന്നത്. ഇതില്‍ 60 വയസ് മുതല്‍ 106 വയസുവരെയുള്ളവര്‍ വരെയും ആരോഗ്യമുള്ളവര്‍ മുതല്‍ ശയ്യാവലംബര്‍വരെയുമുണ്ട്. ഇവരുടെ മാനസികോല്ലാസത്തിന് വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് പുതുവര്‍ഷം 2020 എന്ന പേരില്‍ പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

വരും തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി കൃഷിവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടേയും ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെയര്‍ ഹോമിലെ 50 സെന്റ് ഭൂമിയില്‍ കൃഷി ചെയ്യുന്ന പദ്ധതിയായ ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്റേയും ഉദ്ഘാടനവും നടന്നു. കുമാരപുരം ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന അമ്മമാര്‍ പച്ചക്കറി തൈകള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടേമുക്കാല്‍ ഏക്കര്‍ വരുന്ന കെയര്‍ ഹോം പരിസരത്ത് 2015 മുതല്‍ ഇവിടെ കൃഷി ചെയ്തു വരികയാണ്. അന്തേവാസികള്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. അവരുടെ ശാരീരിക മാനസികാരോഗ്യത്തിന് കൃഷി ഏറെ സഹായിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതോടനുബന്ധിച്ച് തിരുവന്തപുരം ഭരതക്ഷേത്രയുടെ കലാകാരന്‍മാരോടൊപ്പമുള്ള അന്തേവാസികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഇ. തമ്പി, കെയര്‍ ഹോം സൂപ്രണ്ട് എം. ഷൈനിമോള്‍, ഉള്ളൂര്‍ കൃഷി ഓഫീസര്‍ സഞ്ജീവ്, കുമാരപുരം യു.പി. സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button