KeralaLatest NewsNews

‘മദ്യം മരണത്തിലേയ്ക്ക് കൊണ്ട് പോയവർ’ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

മദ്യം മരണത്തിലേയ്ക്ക് കൊണ്ട് പോയവരെ കുറിച്ച് ഡോക്ടറായ വീണ ജെ എസ് എഴുതിയ ഫേസബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കുറിപ്പ് വായിക്കാം

മരിച്ചു തുടങ്ങുന്ന ന്യൂ ഇയർ ദിനം.
ഇന്നും കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളും..

പല തവണ കണ്ടിട്ടുള്ള, എന്നാൽ സമാനതകൾ മാത്രമുള്ള ഒരു കാര്യം. ഏഴുപേരുടെ കഥ.

1) ഒന്നാമത്തെ ആളിന് വയസ്സ് 45. ന്യൂ ഇയർ ആഘോഷത്തിന് കുടിച്ചുല്ലസിച്ചാടിപ്പാടി നടന്നു വരുമ്പോ ഒന്ന് കാലുതെന്നി വീണു.. നെറ്റിയിലും കൈകാലുകളിലും ചെറിയ ഉരവ് മാത്രേ ഉള്ളൂ. വീട്ടിലെത്തി ആള് കിടന്നുറങ്ങുകയും ചെയ്തു. കുടിച്ച് ബോധമറ്റ രാത്രികൾ “വല്ലപ്പോഴുമല്ലേ ഉള്ളൂ.. ഇന്ന് നന്നായി ഉറങ്ങട്ടെ” എന്ന് പറഞ്ഞു ഭാര്യയും അയാളെ ഉറക്കത്തിൽ നിന്നെഴുന്നേല്പിക്കാൻ പോയില്ല. അവർ രാവിലെ ജോലിക്ക് പോയി. വൈകിട്ട് വന്നപ്പോൾ അയാൾ അവിടെത്തന്നെ കിടപ്പുണ്ട്. ഉറുമ്പുകൾ അയാളുടെ മേലും ചുറ്റിലും ഓടുന്നു. പന്തികേട് തോന്നി അടുത്തെത്തിയപ്പോൾ മരണം…

നെറ്റിയിലെ പരിക്ക് പുറമെ നിന്ന് നോക്കിയാൽ പോറൽ മാത്രമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ രക്തക്കുഴലുകൾ പൊട്ടി. പതിയെയുള്ള രക്തസ്രാവം ആയതിനാൽ വീട്ടിലെത്തുംവരെ ബോധം പോയില്ല. ഉറക്കത്തിലെപ്പോഴോ നശിച്ച ബോധം പിന്നെപ്പോഴോ മരണത്തിലേക്ക്..

2) രണ്ടാമൻ വയസ്സ് 37.. കഥയെല്ലാം ഒന്നാമനെ പോലെ തന്നെ.. വീണു ചെറിയ പോറലുകൾ. ആശുപത്രി കണ്ടപ്പോൾ അവിടെ കേറിയതാണെന്ന് തോന്നുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമാണോ എന്നറിയാൻ 24 മണിക്കൂർ നിരീക്ഷണത്തിൽ കിടക്കാൻ ഡോക്ടർ ഉപദേശിച്ചു. “നെറ്റിയിലെ ഈ ചെറിയ പോറലിനോ?? ഡോക്ടർക്ക് കാശ് പിടിച്ചുപറിക്കാൻ ആണെങ്കിൽ വേറെ പണിക്ക് പൊക്കൂടെ” എന്ന വൃത്തികെട്ട തമാശ മുഴക്കി അയാളും കൂട്ടുകാരും അവിടെ നിന്നിറങ്ങിപ്പോയി. സ്ത്രീകളായ നഴ്‌സുമാരെ അസഭ്യം പറയാൻ മറന്നില്ല എന്ന് പ്രത്യേകം പറയട്ടെ. ഇതെല്ലാം സഹിച്ചും ഡോക്ടർ ജോലി തുടർന്നു.

“എന്തേലും പ്രശ്നം തോന്നിയാൽ, പ്രത്യേകിച്ച് തലവേദന, തലകറക്കം, ശർദി, കാഴ്ച മങ്ങൽ അങ്ങനെ വല്ലോം ഉണ്ടെങ്കിൽ വേഗം ആശുപത്രിയിൽ എത്തണം”.
പോകുന്ന വഴിയിൽ ഉടനീളം അയാളും കൂട്ടുകാരും ഡോക്ടറെ പരിഹസിച്ചു കാണണം…
ഏത് മദ്യപാനിയാ ശർദിക്കാത്തത് എന്ന് ചിന്തിച്ചു കാണണം. ഡോക്ടർ പറഞ്ഞതെല്ലാം മസ്തിഷ്കത്തിന് മുറിവോ വീക്കമോ മറ്റോ വന്നു മർദം കൂടുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആയിരുന്നു. ആ ലക്ഷണങ്ങൾ അനുഭവിക്കും മുന്നേ ആൽക്കഹോൾ അയാളുടെ ബോധം ഊറ്റിയെടുത്തു. മുറിവിന്റെ ആഘാതത്തിൽ അയാൾ മരിച്ചു.

3) മൂന്നാമത്തെയാൾക്ക് 60 വയസ്സ്. എന്നും മൂക്ക്മുട്ടെക്കുടിച്ചു ബഹളം വെക്കുന്നയാൾ അന്ന് പക്ഷേ ഒരൊറ്റ പെഗ്ഗിൽ തന്നെ ഔട്ടായി. യാതൊരു കാര്യവുമില്ലാതെ കൂടെയുള്ളവരോട് അടിവെക്കാൻ തുടങ്ങി. “ഇതിവന്റെ സ്ഥിരം ഏർപ്പാട്” എന്നും പറഞ്ഞ് കൂട്ടുകാർ അവിടെനിന്നും പോയി. പിറ്റേ ദിവസം അയാൾ അതേ സ്ഥലത്തു മരിച്ചു കിടന്നതായി കണ്ടു. മസ്തിഷകത്തിനു രക്തം നൽകുന്ന ഒരുചെറിയകുഴലിന്റെ ശക്തി ക്ഷയിച്ചുണ്ടായ ഒരു ഡിഫെക്ട് പെട്ടെന്ന് പൊട്ടുകയായിരുന്നു. രക്തം ചിന്തിയപ്പോൾ ന്യൂറോണുകൾക്ക് ഉണ്ടായ ഇറിറ്റേഷൻ/തലവേദന ആകാം പെട്ടെന്നുണ്ടായ സ്വഭാവമാറ്റത്തിനു കാരണം.

4) വയസ്സ് 55. പെട്ടെന്ന് ഒരുദിവസം അയാളുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങി. മരിച്ചു ദിവസങ്ങളായി. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം രക്തത്തിൽ ആൽക്കഹോൾ അളവ് മരണകാരണത്തിനുതകുന്നതായി കണ്ടു.

5) അഞ്ചാമൻ മദ്യപിക്കാതിരിക്കുന്ന ഇടവേളയില്ലാതെ വന്നപ്പോൾ ആഹാരം കഴിക്കുന്നത് മുടങ്ങി. ഡിഫെക്ടിവ് ആയ പോഷണം കാരണം കൊളെസ്ട്രോൾ നില ഗുരുതരമായി. ഒരുദിവസം ഹൃദയം അങ്ങ് നിലച്ചു.

6) ആറാമൻ കള്ള് കുടിച്ചു ശരീരത്തിന്റെ പ്രതിപ്രവർത്തനം(reflex) തകരാറിലായി, ശർദിച്ചത് ശ്വാസകോശത്തിലേക്ക് കേറി ശ്വാസംമുട്ടിമരിച്ചു

7) ഏഴാമൻ കള്ളുകുടിച്ച ശേഷം വാഹനത്തിന്റെ സീറ്റിൽ കിടന്നുറങ്ങി. ഉറക്കത്തിലെപ്പോളോ മുഖംഅമർന്ന നിലയിൽ താഴെ വീണു. മദ്യലഹരിയിൽ നേരെ കിടക്കാൻ അയാൾക്കായില്ല. ശ്വാസം മുട്ടിമരിച്ചു.

NB: രണ്ടാമന്റെ ഭാര്യ ഭർത്താവിന്റെ മദ്യപാനം കാരണമുള്ള ശല്യം സഹിക്കാൻ ആവാതെ പലതവണ വീട്ടിൽ നിന്നും ഇറങ്ങിപോയിട്ടുണ്ട്. മൂന്നാമനെയും നാലാമനെയും അഞ്ചാമനെയും ഭാര്യമാരും കുട്ടികളും മുന്നേ ഉപേക്ഷിച്ചുപോയി. ബാക്കി ഒത്തിരി മദ്യപാനികൾ കുടിച്ചശേഷം (പെട്ടെന്നുള്ള ദുഃഖത്തിൽ) ഉപേക്ഷിച്ചുപോയ കുടുംബത്തെയോർത്തോ അല്ലാതെയോ ആത്മഹത്യ ചെയ്തു.. ചിലർ മദ്യപാനം കാരണം രോഗം മൂർച്ഛിച്ചു കിടപ്പിലായപ്പോൾ ആരും നോക്കാനില്ലെന്ന ദുഃഖത്തിൽ ആത്മഹത്യ ചെയ്തതും ഒരുപാട് കണ്ടിട്ടുണ്ട്.

മദ്യപാനികളെക്കൊണ്ട് ഡോക്ടർമാർക്ക് ഉപകാരം, കാശ് കിട്ടുമല്ലോ എന്നൊക്കെ തോന്നുന്ന സാഡിസ്റ്റാണോ നിങ്ങൾ? ഇല്ലെന്നേ. മദ്യപാനത്തിന് അടിമപ്പെട്ടവർ സമൂഹത്തിന്, പ്രത്യേകിച്ചും ആരോഗ്യപ്രവർത്തകർക്ക് പിന്നെ സ്ത്രീകൾക്ക് ഉണ്ടാക്കുന്ന ശല്യങ്ങൾ/നഷ്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല. ഉന്മാദത്തിലാണെങ്കിൽ പോലും വാർഡിലുള്ളവർക്ക് ഉറങ്ങാൻ പറ്റാത്തവിധം ബഹളം, ട്യൂബുകൾ ഇടുമ്പോൾ കൈകാലിട്ടടിച്ചു ആരോഗ്യപ്രവർത്തകർക്ക് മുറിവേൽക്കൽ, അവരെ കടിക്കുക, ചീത്ത വിളിക്കുക എല്ലാം ബുദ്ധിമുട്ടാണ്. മറ്റുന്മാദം പോലെയല്ല ആൾക്കഹോളിക്‌ ഉന്മാദം. തടയാവുന്ന ഉന്മാദം ആണെന്ന് ഏവർക്കും അറിയുന്നതാണ്..

പോസ്റ്റ്‌മോർട്ടം ചെയ്യുന്നവർക്ക് ആ ശല്യത്തിന്റെ പകുതിപോലും ഇല്ലെങ്കിൽ പോലും, തടയാവുന്ന ഒരു വലിയ അപകടത്താൽ നിരന്തരം ആളുകൾ കൊല്ലപ്പെടുന്നത് കാണുന്നത് ഒത്തിരി വിഷമം ഉണ്ടാക്കാറുണ്ട്.. responsible drinking എന്ന ഐഡിയ പോലും നമ്മൾ എവിടെയും ഉദ്‌ഘോഷിക്കേണ്ട കാര്യമില്ല എന്ന് തന്നെ പറയുന്നു.

 

https://www.facebook.com/photo.php?fbid=1027389527625615&set=a.322226161475292&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button