KeralaLatest NewsNews

വെള്ളമടി നിര്‍ത്തും, ജിമ്മില്‍ പോകും…പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍ക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി മനസിലാക്കാം- വായിക്കേണ്ട കുറിപ്പ്

പതിവുപോലെ എല്ലാവരും New Year’s resolution ഒക്കെ റെഡി ആക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി. പക്ഷേ നല്ല ശീലങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി പങ്കുവയ്ക്കുകയാണ് ബാങ്കിംഗ് ഉദ്യോഗസ്ഥനായ ജിതിന്‍ ജേക്കബ്. സന്തുഷ്ടമായ കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ അത്യന്താപേക്ഷിതമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടാണ് ജിതിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പ് വായിക്കാം

പതിവുപോലെ എല്ലാവരും New Year’s resolution ഒക്കെ റെഡി ആക്കി പുതുവർഷത്തെ വരവേൽക്കാൻ തയ്യാറായി ഇരിക്കുവാണല്ലോ.

വെള്ളമടി നിർത്തും, ദിവസവും ജിമ്മിൽ പോകും, രാവിലെ എഴുന്നേൽക്കും, പ്രാർത്ഥിക്കും, വായിൽ നോട്ടം നിർത്തും എന്നൊക്കെയുള്ള പതിവ് ആചാരങ്ങൾക്കൊപ്പം സാമ്പത്തീക കാര്യങ്ങളിൽ അച്ചടക്കം പാലിക്കും എന്നൊക്കെയുള്ള തീരുമാനങ്ങളും എടുക്കുന്നവർ ഉണ്ട്.

എനിക്ക് തോന്നിയ ചില ചിന്തകൾ ഇവിടെ വാരി വിതറാം:-

കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുക:-

ആദ്യമേ പറയട്ടെ ഇത് ഒരിക്കലും ഒരു ദുർചെലവ് അല്ല. ഞാൻ മനസിലാക്കുന്നത് ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഉള്ള ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് കവറേജിന്‌ വേണ്ടിവരിക പ്രതിവർഷം ഏതാണ്ട് 16000 -18000 രൂപയാണ് എന്നാണ്. മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക ഇൻഷുറൻസ് എടുക്കേണ്ടിവരും.

ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ കൂടി നൽകുന്ന സ്ഥാപനങ്ങൾ ഭാര്യ, ഭർത്താവ്, കുട്ടികൾ, പോളിസി ഉടമയുടെ മാതാപിതാക്കൾ എന്നിവരെ കൂടി കവർ ചെയ്യാറുണ്ട്. കഴിയുന്നതും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കവർ ചെയ്യുന്നതാകും നല്ലത്.

ഏറ്റവും കുറഞ്ഞത് ഒരു 5 ലക്ഷം രൂപയുടെ പോളിസി എങ്കിലും എടുത്തിരിക്കണം. കാരണം ഇപ്പോഴത്തെ ചികിത്സാ ചെലവ് വളരെ ഉയർന്നതാണ്. ബാങ്കിൽ ജോലിചെയ്യുന്ന സഹപ്രവർത്തകന്റെ അമ്മയ്ക്ക് അപ്രതീക്ഷിതമായി ഒരു മേജർ സർജറി വേണ്ടിവന്നു. ആശുപത്രി ബില്ല് വന്നത് 9 ലക്ഷം രൂപ. ബാങ്കിൽ നിന്ന് ഇൻഷുറൻസ് തുകയായി ലഭിച്ചത് 4 ലക്ഷം രൂപയും. പറയുമ്പോൾ ബാങ്ക് മാനേജർ ഒക്കെയാണ്, പക്ഷെ ആ സമയത്ത് പൈസക്ക് വേണ്ടി ശരിക്കും വിഷമിച്ചു.

ആശുപത്രി കേസുകൾ ഉണ്ടകുമ്പോൾ ഏറ്റവും വിഷമിക്കുന്നത് സാമ്പത്തീക കാര്യങ്ങളിലാണ്. പല കുടുംബങ്ങളും സാമ്പത്തീകമായി തകർന്നു പോകും. അവസാനം ‘നന്മമരങ്ങളെ’ ആശ്രയിക്കേണ്ടിവരും. ചിലർ നല്ലവരായിരിക്കും മറ്റുചിലർ അവിടെയും ചൂഷണം ചെയ്യും. സർക്കാർ നൽകുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസിനൊക്കെ ഒരു പരിധി ഉണ്ടാകും. അത് എല്ലാ ആശുപത്രികളിലും ഉപയോഗിക്കാനും കഴിയണം എന്നില്ല, എന്നുമാത്രമല്ല തുച്ഛമായ തുകയും ആയിരിക്കും.

രണ്ടാമതായി തോന്നിയത്:-

വായ്പ്പ എടുക്കുന്ന കാര്യം. ഇന്ത്യയിൽ കാക്കത്തൊള്ളായിരം ധനകാര്യ സ്ഥാപനങ്ങൾ ഉണ്ട്. ബാങ്കുകളുടെ ലാഭം വരുന്നത് പ്രധാനമായും വായ്പ കൊടുക്കുന്നതിലൂടെയാണ്. കൂടുതൽ വായ്‌പ കൊടുക്കാൻ ബാങ്കുകൾ മത്സരിക്കും, പക്ഷെ തിരിച്ചടവ് കൃത്യം അല്ലെങ്കിൽ വായ്പ എടുത്തവന്റെ ജീവിതം ദുരിതപൂർണം ആകും.

ഉദ്ദാഹരണത്തിന് ഭവന വായ്പക്ക് ഇപ്പോൾ 30 വർഷത്തെ തിരിച്ചടവ് കാലാവധി വരെ ബാങ്കുകൾ നൽകും. നമ്മൾ തീരുമാനിക്കേണ്ടത് ജീവിതം EMI അടച്ച് തീർക്കാണോ വേണ്ടയോ എന്നതാണ്. വീട് വെക്കുക എന്നതൊക്കെ പ്രാഥമിക ആവശ്യമാണ്. പക്ഷെ നമ്മളിൽ പലരും അത് മറന്ന് മറ്റുള്ളവന്റെ കണ്ണ് തള്ളിക്കാനാണ്‌ വീട് പണിയുന്നത് എന്നതാണ് യാഥാർഥ്യം.

മൊത്തം ശമ്പളത്തിന്റെ 72 മടങ്ങ് വരെ ഭവന വായ്പ്പ അനുവദിക്കുന്ന ബാങ്കുകൾ ഉണ്ട്. താങ്ങാവുന്നതിന്റെ അപ്പുറം വായ്‌പ എടുത്ത് തലയിൽ വെക്കുന്നത് പിന്നീടുള്ള ജീവിതം നരക തുല്യമാക്കും.

എന്റെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ IT കമ്പനി ഉദ്യോഗസ്ഥൻ ആണ്. മാസ ശമ്പളം 1.20 ലക്ഷം രൂപയാണ്. ഇപ്പോൾ അടയ്ക്കുന്ന EMI ഏതാണ്ട് 85000 രൂപയും !. ഒരു മാസം EMI മുടങ്ങിയാൽ ജീവിതം കട്ടപ്പൊക.

ഇപ്പോഴത്തെ ജോലി സാഹചര്യം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നുള്ള പല ജോലികളും അടുത്ത പത്ത് വര്ഷം കഴിയുമ്പോൾ ഉണ്ടാകണം എന്നില്ല. ജോലി ഇല്ലാതാകുക അല്ല, മറിച്ച് ജോലി ഷിഫ്റ്റിംഗ് ആണ് സംഭവിക്കുക. മാറുന്ന ലോകത്തിനനുസരിച്ച് മാറിയില്ലെങ്കിൽ ഒരു സുപ്രഭാതത്തിൽ ജോലി ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരും. അതല്ല എങ്കിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യേണ്ട അവസ്ഥയും ചിലപ്പോൾ ഉണ്ടാകും. ആ അവസ്ഥ ഉണ്ടായാൽ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ?

NRI സ് ഒക്കെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഗൾഫിൽ വെച്ച് നടത്തുന്ന തള്ളലുകൾ കേട്ട് വൻ മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്നത് കണ്ടിട്ടുണ്ട്. ഗൾഫ് നാടുകളിലെ ജോലി സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് നാടുകളിലൊക്കെ സാധാരണ ജോലി ചെയ്യുന്നവരൊക്കെ എടുക്കുന്ന വായ്‌പ തുക കണ്ടാൽ ഞെട്ടി പോകും.

വായ്പ്പ എടുക്കരുത് എന്നല്ല പറഞ്ഞു വരുന്നത്. അവനവന്റെ വരുമാനത്തിന് അനുസരിച്ച് മാത്രം വായ്പയെ ആശ്രയിക്കുക. കിട്ടുന്ന ശമ്പളം മുഴുവൻ EMI അടക്കാനേ തികയുന്നൂ എന്ന സാഹചര്യം ഉണ്ടാകരുത്. കയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ (Net salary) 25% ത്തിൽ അധികം EMI ആകാതിരുന്നാൽ ജീവിതം സന്തോഷപൂർണമായി മുന്നോട്ട് പോകും.

വായ്പ്പ എടുത്ത് കൂറ്റൻ വീടുകൾ നിർമിച്ച് അവസാനം കടം കയറി വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വീട് വിൽക്കേണ്ടി വന്ന നിരവധി ആളുകളുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. നമ്മുടെ ആളുകളിൽ പലരും വീട് വെക്കുമ്പോൾ ബാങ്ക് വായ്പ കൂടാതെ വേറെയും കടം വാങ്ങിക്കൂട്ടും. പാലുകാച്ചൽ സമയത്ത് ഭാര്യയുടെ കെട്ടുതാലി അടക്കം പണയത്തിൽ ആയിരിക്കും. പക്ഷെ തള്ളിനു ഒരു കുറവും കാണില്ല.

ഏത് വായ്പ്പ ആണെങ്കിലും കഴിയുന്നതും വേഗം അടച്ചു തീർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഒരു EMI മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. വിദ്യാഭ്യാസ വായ്പ്പ ഒക്കെ തിരിച്ചടയ്ക്കേണ്ട എന്നൊക്കെ പറയുന്ന മരയൂളകളുടെ വാക്കും കേട്ട് അങ്ങനെ ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടും. വായ്‌പ എടുത്താൽ കൃത്യമായി തിരിച്ചടക്കുക. അതേസമയം ജീവിതം EMI അടച്ചു തീർക്കാനുള്ളതല്ല എന്നകാര്യം എപ്പോഴും ഓർക്കുക.

അടുത്തത് ഇന്നലെ നമ്മുടെ പ്രധാന മന്ത്രി പറഞ്ഞ ഒരു കാര്യമാണ്. നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ കൂടുതലായി വാങ്ങിക്കാൻ ശ്രമിക്കുക. നമ്മുടെ രാജ്യത്തിൻറെ സാമ്പത്തീക അടിത്തറ എന്നത് ചെറുകിട വ്യവസായങ്ങൾ ആണ്. അവർ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ നമ്മൾ വാങ്ങിയില്ലെങ്കിൽ പിന്നെ ആര് വാങ്ങാനാണ്? ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റു പോയില്ലെങ്കിൽ പിന്നെ എങ്ങനെ നാട് വികസിക്കും? എങ്ങനെ ഇത്രയും വലിയ ജനവിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കും?

മാളുകളിൽ ഒക്കെ പോയി അവർ പറയുന്ന കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങുമ്പോൾ വഴിയരികിൽ തുച്ഛമായ ലാഭത്തിന് വേണ്ടി കച്ചവടം നടത്തുന്ന ആളുകളും ഉണ്ട് എന്നകാര്യം ഓർക്കണം. മാളുകളിലെ പോലെ പളപളപ്പ് ഒന്നും കണ്ടെന്ന് വരില്ല, പക്ഷെ വഴിയരികിൽ ഇരിക്കുന്ന കച്ചവടക്കാർക്കും ജീവിക്കണം. എല്ലാവര്ക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

എന്നുവെച്ച് വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണം എന്നല്ല പറയുന്നത്, നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ കൂടി വാങ്ങാൻ നമ്മൾ താൽപ്പര്യം കാണിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

https://www.facebook.com/jithinjacob.jacob/posts/2591792094223913

shortlink

Related Articles

Post Your Comments

Related Articles


Back to top button