KeralaLatest NewsNews

അതിവേഗ റെയിൽ പാതയായ സിൽവർലൈന്‍റെ അലൈന്‍മെന്‍റ് തയ്യാറാക്കാൻ സർവേ തുടങ്ങി,  കേരളം കാത്തിരിക്കുന്ന സ്വപന പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു

കണ്ണൂര്‍: കേരളം അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാൻ നടപ്പാക്കുന്ന തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് തയ്യാറാക്കുന്നതിന്‍റെ ആദ്യപടിയായി ആകാശ സര്‍വേയ്കക്ക് തുടക്കമായി. കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വേ ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.

ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേന്‍ജിങ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ലൈഡാർ. ലേസര്‍ രശ്മികളുടെ പ്രതിഫലനം ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിക്കു കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു. ഏഴു ദിവസത്തെ സര്‍വേയ്ക്ക് പാര്‍ട്ടെനേവിയ പി–68 എന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോയാണ് നടത്തിയത്. വിശദമായ പദ്ധതി റിപ്പോര്‍ട്ടും ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയും വേഗം തയാറാക്കുന്നതിന് ഇത് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്ന കെ-റെയിലിനെ സഹായിക്കും. ഇന്ത്യയില്‍ ല‍ഡാർ സര്‍വേ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍.

തിരുവനന്തപുരം മുതല്‍ തിരൂര്‍വരെയുള്ള 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും ലൈന്‍. ആകെ 10 സ്റ്റേഷനുകളുണ്ടാവും. ചെറു പട്ടണങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വീസുമുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനുകൾ ഓടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button