KeralaLatest NewsNews

ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.

ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊല. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. പിന്നീട് ഷാജുവും ജോളിയുമായുള്ള വിവാഹവും നടന്നു. 2014 മെയ് ഒന്നിനാണ് ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റേയും സിലിയുടേയും മകളായ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെ ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്ന് അവശയായ ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.

ജോളിയാണ് കൊലപാതകത്തില്‍ ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം എസ് മാത്യു ആണ് രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. കേസില്‍ 110 സാക്ഷികളാണുള്ളത്. സയനൈഡ് ഉള്ളില് ചെന്ന് ആല്‍ഫൈന്‍ മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും പ്രധാന സാക്ഷികള്‍. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button