Latest NewsNewsIndia

റെയില്‍ ബജറ്റ് 2020; റെയില്‍ ബജറ്റിലേക്ക് ഒരു ഫ്‌ളാഷ് ബാക്ക്

മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ റെയില്‍വെ ബജറ്റിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ ബജറ്റും പിന്നാലെ കേന്ദ്ര ബജറ്റും അവതരിപ്പിക്കുന്നതായിരുന്നു രീതി. എന്നാലിപ്പേള്‍ കേന്ദ്ര ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുന്നത്. റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രിയല്ല അവതരിപ്പിക്കുന്നത്. പാര്‍ലെമെന്റില്‍ ധധനമന്ത്രിയാണ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. അതായത് 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരണം. 1924 ല്‍ ബ്രിട്ടിഷ് റയില്‍വേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്ല്യം അക്വര്‍ത്തിന്റെ നേതൃത്ത്വത്തിലുള്ള പത്തംഗ അക്വര്‍ത്ത് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് റയില്‍ ബജറ്റ് പൊതുബജറ്റില്‍ നിന്നും വേര്‍പെടുത്തി. സ്വാതന്ത്രത്തിന് ശേഷവും ഇന്ത്യയില്‍ പൊതു ബജറ്റും റയില്‍ ബജറ്റും രാണ്ടായി തന്നെയാണ് അവതരിപ്പിച്ചിരുന്നത്.

റെയില്‍വേ വികസനം പിന്നിലായിരുന്ന സമയത്ത് ബിട്ടീഷ് ഭരണകൂടമാണ് റെയില്‍വെ ബജറ്റ് ആശയം കൊണ്ടുവന്നത്. ഇതുവഴി റെയില്‍വെ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഗവണ്‍മെന്റിന്റെ സാമ്പത്തിക കണക്കുകളും റെയില്‍വേയും സാമ്പത്തിക കാര്യങ്ങളും രണ്ടായി വേര്‍തിരിച്ച് രേഖപ്പെടുത്താന്‍ തുടങ്ങിയത്.് തുറമുഖങ്ങളും വിഭവ-ശാക്തിക മേഖലകളും കേന്ദ്രീകരിച്ചുളള റെയില്‍ വികസനത്തിനുമുളള നിര്‍ദേശങ്ങളുമെല്ലാം ബ്രിട്ടീഷ് ഭരണകാലത്തെ ബജറ്റിലുണ്ടായിരുന്നു.

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ റെയില്‍വെ മന്ത്രി ജോണ്‍ മത്തായി ആയിരുന്നു.ഇദ്ദേഹമാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതും. റെയില്‍വെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. 2002ലായിരുന്നു മമത ബജറ്റ് അവതരിപ്പിച്ചത്. എന്‍ഡിഎ, യുപിഎ സഖ്യത്തില്‍ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചതും മമത ബാനര്‍ജിയായിരുന്നു.

ലാലു പ്രസാദ് യാദവ് ആയിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി. 2004-2009 കാലയളവില്‍ ആറ് തവണയാണ് ലാലു പ്രസാദ് യാദവ് റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത് ജഗജീവന്‍ റാം ആണ്. ഏഴ് തവണയാണ് അദ്ദേഹം റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത്. 1994 മാര്‍ച്ച് 24നായിരുന്നു ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരണം തത്സമയമായി പ്രക്ഷേപണം ചെയ്തത്. അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന സികെ ജാഫര്‍ ഷെരീഫായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്.

2016 ലാണ് അവസാനമായി കേന്ദ്ര-റെയില്‍വേ ബജറ്റുകള്‍ പ്രത്യേകമായി അവതരിപ്പിക്കപ്പെട്ടത്. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വെ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ പ്രധാനമന്ത്രിക്ക മുന്നില്‍ വെച്ചത്. റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നും പൊതുബജറ്റിന്റെ ഭാഗമായി തന്നെ അവതരിപ്പിച്ചാല്‍ മതിയെന്നും ബിബേക് ദെബ്രോയി ശുപാര്‍ശ നല്‍കി. ദെബ്രോയി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എന്തുകൊണ്ട് ഒറ്റ ബജറ്റ് എന്നതിനുളള കാരണങ്ങളും നിരത്തി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ട് പ്രത്യേക ബജറ്റുകള്‍ തയ്യാറാക്കാനുളള അധ്വാനം തന്നെയാണ്. മറ്റൊന്ന് രണ്ട് ബജറ്റുകള്‍ ഉണ്ടാകുമ്പോള്‍ വേണ്ടി വരുന്ന അധിക പണച്ചിലവാണ്. മൂന്നാമത്തെ പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാട്ടിയത് ബജറ്റുകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും തമ്മിലുളള ബന്ധം സങ്കീര്‍ണമാകുന്നു എന്നതാണ്.  2016 ലെ അവസാനത്തെ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത് റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ്. 2016ഓടെ 92 വര്‍ഷമായി നടന്നു വന്നിരുന്ന റെല്‍വെ ബജറ്റ് എന്ന ആശയത്തിനാണ് അന്ന് കര്‍ട്ടനിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button