Latest NewsKeralaNews

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; സെൻകുമാറിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാപകപ്രതിഷേധം. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണ്. അതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നിന്ദ്യമായ പ്രചാരണം നടത്തിയ സംഭവമാണെന്ന് മാധ്യപ്രവര്‍ത്തകന്‍ റെജി കെ.പി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read also: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങള്‍ : മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കടവില്‍ റഷീദിനും പി ജി സുരേഷ്കുമാറിനും എതിരെ കള്ളക്കേസെടുത്തതിലൂടെ ആടിനെ പട്ടിയാക്കുന്ന കുത്സിത തന്ത്രം കേരള പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രയോഗിക്കുകയാണ്. ടി.പി സെന്‍കുമാറിന്റെ തട്ടിപ്പ് പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കടവില്‍ റഷീദിന്റെ കാര്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചത് ആണ് ക്രിമിനല്‍ കേസെടുക്കാന്‍ കാരണമായത്! സഹജീവിക്ക് ഉണ്ടായ ദുരനുഭവത്തിന്റെ വേദന സഹപ്രവര്‍ത്തകരുടെ വാട്സ് ആപ് കൂട്ടായ്മയില്‍ പങ്കുവെച്ചതിനാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.ജി സുരേഷ്‌കുമാറിന് എതിരെ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്ന കള്ളക്കേസ് എടുത്തിരിക്കുന്നത്..!

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് കുറ്റമാവുന്ന അത്യപൂര്‍വ ‘ജനാധിപത്യ കീഴ്‌വഴക്കം’ കൂടിയാണ് കേരളാ പോലീസ് ഇതിലൂടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. ഇത്തരം ഉപജാപങ്ങള്‍ക്ക് കുഴലൂതുന്ന ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. പി.ജി സുരേഷ് കുമാറും കടവില്‍ റഷീദും ഒറ്റയ്ക്കല്ല. കേരളത്തിലെ മുഴുവന്‍ മാധ്യമ സമൂഹവും ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ട്, തോളോടു തോള്‍ ചേര്‍ന്ന്.

ഞങ്ങള്‍ ഇനിയും അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടെയിരിക്കും. നീതിക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും. അനീതിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും. ഏത് സെന്‍കുമാറിന് മുന്നിലും എത്ര കള്ളക്കേസുകള്‍ക്ക് മുന്നിലും ഞങ്ങള്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. വാര്‍ത്താസമ്മേളനം നടത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ആയാലും മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കും. എതിര്‍ ശബ്ദങ്ങളെ സിംഹക്കൂട്ടില്‍ എറിയുന്ന സ്വേച്ഛാധിപതികളുടെ നാട്ടിലേ ചോദ്യങ്ങള്‍ ഇല്ലാതിരിക്കൂ.

കടവില്‍ റഷീദ് ടി.പി സെന്‍കുമാറിനോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്താണ് നടന്നതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ചെയ്യുന്ന കാര്യമാണോ ശ്രീ. സെന്‍കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്?. കടുത്ത രോഗിയും അതു മൂലമുള്ള ശാരീരിക വൈഷമ്യങ്ങള്‍ ഉള്ള ആളും ആണ് എന്നറിഞ്ഞിട്ടും ഇത്ര നികൃഷ്ടമായി ഒരാളോട് പെരുമാറാന്‍ രാഷ്ട്രീയത്തിന്റെ അര്‍ത്ഥമെങ്കിലും അറിയുന്ന ഒരു മനുഷ്യന് കഴിയുമോ?

പണ്ട് പോലീസ് മേധാവി ആയിരുന്നപ്പോള്‍ മുന്നിലിരുന്ന കീഴുദ്യോഗസ്‌ഥര്‍ ചെയ്യേണ്ടിയിരുന്നതുപോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാന്‍ വേറെ ആളെ നോക്കണം. മാധ്യമ പ്രവര്‍ത്തകരെ കിട്ടില്ല. അതു മനസ്സിലാവാന്‍ മുന്‍ ഡി.ജി. പി ഇനിയും ഒരുപാട് രാഷ്ട്രീയം പഠിക്കേണ്ടതുണ്ട്.

കേരളത്തിലെ വിവിധ പ്രസ് ക്ളബ്ബുകളില്‍ ദിവസവും എത്രയോ വാര്‍ത്താസമ്മേളനങ്ങള്‍ നടക്കുന്നു. വ്യത്യസ്ത രാഷ്ട്രീയക്കാരായ എത്രയോ പേര്‍ അവരുടെ ഭാഗം വിശദീകരിയ്ക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു. ചിലപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിക്കുന്നു. മറ്റു ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സ്വാഭാവികം. ഇങ്ങനെയൊന്നുമല്ലാതെ, ചോദ്യം ചോദിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു കയ്യേറ്റം ചെയ്യിച്ചും മാധ്യമപ്രവര്‍ത്തകരെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചും സെന്‍കുമാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പുതുരീതി കയ്യില്‍ത്തന്നെ വെക്കുന്നതാകും നല്ലത്. അത് കേരളത്തില്‍ ചിലവാകില്ല.

നാടറിഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനവും ഏതു കൊലകൊമ്ബനു മുന്നിലും നെഞ്ചിടറാതെ, നട്ടെല്ല് വളയാതെ ചങ്കുറപ്പോടെ നിലനിന്ന മാധ്യമ പ്രവര്‍ത്തകരുടെ കഥയും കൂടി സെന്‍കുമാര്‍ വല്ലപ്പോഴും അന്വേഷിച്ചറിയുന്നത് നന്നാകും.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിഭാഗം എന്ന് വിശേഷണം ഉള്ള കേരള പോലീസിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ ‘അതിബുദ്ധി’ കൊള്ളാം. ഒരു കൗണ്ടര്‍ കേസെടുത്ത് സമാസമം പാലിക്കാന്‍ ഇത് രാഷ്ട്രീയ സംഘട്ടനമൊന്നുമല്ല. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണ്. അതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നിന്ദ്യമായ പ്രചാരണം നടത്തിയ സംഭവമാണ്.

കേരള പിറവിക്ക് മുമ്ബ് പോലും ഏതു കൊടി കെട്ടിയ വമ്ബനു മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അപ്രിയകരമായ സത്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവിടെയൊന്നും കൊടിയുടെ നിറമോ സമുദായമോ തടസം ആയിട്ടില്ല. ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ ഈ കള്ളക്കേസ് ഒന്നും മതിയാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍..! സെന്‍കുമാറിന്റെ ശിങ്കിടികള്‍ ഇപ്പോഴും കേരളാ പോലീസില്‍ ഉണ്ടെങ്കില്‍ അവരും അത് മനസിലാക്കുന്നത് നന്നാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button