Latest NewsNewsIndia

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ന് പ്രകടന പത്രിക പുറത്തിറക്കാൻ ഒരുങ്ങി കോൺഗ്രസ്‌

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം തീരാൻ നാലു ദിവസം ശേഷിക്കെയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ദില്ലിയിലെ പിസിസി ഓഫീസിലാണ് ചടങ്ങ്. ആം ആദ്മി റിപ്പോർട്ട്‌ കാർഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.

നേരത്തെ ദില്ലിയുടെ മനസ്സ് കോൺഗ്രസിന് ഒപ്പം എന്ന പരിപാടി കോൺഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രകടന പത്രിക തയാറാക്കൽ ആയിരുന്നു ലക്ഷ്യം. വയോജനങ്ങൾക്ക് 5,000 രൂപ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നാണ് സൂചനകൾ.

അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പറഞ്ഞിരുന്ന വാക്കുകൾ പാലിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ വർഷങ്ങളിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റി മുന്നേറിയപ്പോൾ ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ വാഗ്ദാനങ്ങൾ ഇന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

മുത്തലാഖ് നിരോധിച്ചതും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോദ്ധ്യയിലെ രാമക്ഷേത്രവും ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നുവെന്നും അവ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ ശരിയായ ദിശയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: പു​തു​വ​ര്‍​ഷ​ദി​ന​ത്തി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന റി​ക്കാ​ര്‍​ഡ് ഇന്ത്യക്ക്; കണക്കുകൾ ഇങ്ങനെ

കേന്ദ്രവുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുനതിന് പകരം കേന്ദ്രസർക്കാരുമായി ശണ്ഠ കൂടനായിരുന്നു കഴിഞ്ഞ അഞ്ച് വർഷവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവർ വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. ഫെബ്രുവരി 8നാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 12നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button