Kerala

കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവകാശ ലംഘനം കൂടിയാണ്. തൃശൂർ, പാലക്കാട് ജില്ലാതല ന്യൂനപക്ഷ അദാലത്തിൽ തൃശൂർ കയ്പമംഗലം സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുത്ത ജില്ലാ പോലീസ് മേധാവിയുടെ നടപടി ശ്ലാഘനീയമാണ്. നിയമവിരുദ്ധമായ ഒരു നടപടി അവസാനിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. ആഡംബര നികുതി തെറ്റായി വാങ്ങിയെന്ന പരാതിയിൽ തഹസിൽദാറിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. 30 പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇതിൽ 24 എണ്ണം തൃശൂരിൽ നിന്നും 6 എണ്ണം പാലക്കാട് നിന്നുമാണ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. അടുത്ത സിറ്റിംഗ് മാർച്ച് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

shortlink

Post Your Comments


Back to top button