KeralaLatest NewsNews

പതിവ് പോലെ അവരെത്തി; റോഡ്‌ പണി കഴിഞ്ഞ് ടാറ് ഉണങ്ങും മുന്‍പ് റോഡ്‌ വെട്ടിപ്പൊളിച്ച് കെ.എസ്.ഇ.ബി; ടാറിംഗിന് മുമ്പ് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കോണ്‍ട്രാക്ടര്‍ പണമടച്ച് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല

അഞ്ചല്‍•റോഡ്‌ പണി കഴിഞ്ഞാല്‍ തൊട്ടുപിന്നാലെ അത് വെട്ടിപ്പോളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള ആചാരമാണ്. അത് ചിലപ്പോള്‍ വാട്ടര്‍ അതോറിറ്റി വകയോ, ടെലികോം കമ്പനികളുടെ വകയോ, അല്ലെങ്കില്‍ കെ.എസ്.ഇ.ബി വകയോ ആകാം. ഏറ്റവും ഒടുവില്‍ ആ ദുരവസ്ഥയുണ്ടായിരിക്കുന്നത് കൊല്ലം ജില്ലയിലെ പ്രധാന റോഡുകളില്‍ ഒന്നായ ഏരൂര്‍ – ഇടമണ്‍ റോഡിനാണ്.

വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന 14.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ ഏരൂര്‍ മുതല്‍ അയിലറ വരെയുള്ള അഞ്ച് കിലോമീറ്ററിന്റെ നവീകരണം അഞ്ച് കോടിയോളം ചെലവഴിച്ചു ദേശീയ നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ.

പണിതീരാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന കെ.എസ്.ഇ.ബി അധികൃതരും പോസ്റ്റ്‌മാറ്റാൻ കരാറെടുത്തവരും പണിതീർന്നുടൻ മുന്നുംപിന്നും നോക്കാതെ റോഡ്‌ കുഴിച്ചു മറിച്ചു മണ്ണിട്ട് മൂടി പോസ്റ്റ്‌ റോഡിൽ നിന്ന് മാറ്റി സ്ഥാപിച്ചു.

ആറുമാസങ്ങൾക്ക് മുൻപായിരുന്നു പണികൾ ആരംഭിച്ചത് റോഡിന്റെ വീതികൂട്ടി ഓടകളും കലുങ്കുകളും പാർശ്വഭിത്തികളും ഉൾപ്പടെ പണിഞ്ഞു ദേശീയ നിലവാരത്തിൽ ആയിരുന്നു പണി പൂർത്തിയാക്കിയത്.വീതികൂട്ടാനായി മെറ്റിലിംഗ് നടത്തിയപ്പോൾ തന്നെ പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ റോഡിനു ഉൾവശത്ത് ഉൾപ്പെട്ടിരുന്നു.പോസ്റ്റുകൾ മാറ്റാനായി റോഡ് കോൺട്രാക്ടർ കെ.എസ്.ഇ.ബിക്ക് പണം അടച്ചിട്ടുണ്ടെന്നും ടാറിങിന് മുൻപ് അവ മാറ്റി സ്ഥാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.എന്നാൽ ആദ്യഘട്ട ടാറിങ് പൂർത്തിയായപ്പോഴും പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല.അപ്പോഴും രണ്ടാംഘട്ട ടാറിങിന് മുൻപ് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ മുൻകൈ എടുക്കും എന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്.എന്തായാലും ഒരാഴ്ച മുൻപ് അവസാനഘട്ട ടാറിങ് പൂർത്തിയായപ്പോൾ നിരവധി പോസ്റ്റുകൾ റോഡിന്റെ ഉള്ളിലായ അവസ്ഥയായി.പണികളെല്ലാം പൂർത്തിയായി റോഡ് മാർക്കിങ്ങും പൂർത്തിയായോടെ കെ.എസ്.ഇ.ബി അധികൃതരും പോസ്റ്റ്‌ മാറ്റാൻ കരാറെടുത്തവരും പാഞ്ഞെത്തി റോഡ് കുഴിച്ചുമറിച്ച് പോസ്റ്റ്‌ മാറ്റി സ്ഥാപിച്ചു കുഴികൾ മണ്ണിട്ട് മൂടി സ്ഥലം വിട്ടു.

റോഡിലുള്ള എല്ലാ പോസ്റ്റുകളും മാറ്റിസ്ഥാപിച്ചതുമില്ല.ഇനി മഴക്കാലം വരുമ്പോഴേക്കും ഈ കുഴികൾ വലുതായി റോഡ് പൊളിയുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നത്.പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബി കാണിക്കുന്ന ഈ ഉദാസീനത മലയോര ഹൈവേയുടെ നിർമ്മാണത്തിലും കാണാവുന്നതാണ്. പോസ്റ്റുകളുടെ നിര അനുസരിച്ചാണ് പലയിടത്തും റോഡിന്റെ വളവും തിരിവുമെല്ലാം.ചില പോസ്റ്റുകൾ ഒഴിവാക്കാനായി റോഡ് വീതികുറച്ചു വഴിമാറി പോകുന്ന കാഴ്ചകളും മലയോരഹൈവേ നിർമ്മാണത്തിൽ കാണാവുന്നതാണ്.ഏരൂർ അയിലറ റോഡിനുണ്ടായ ദുരവസ്ഥ മലയോര ഹൈവേയ്‌ക്കെങ്കിലും ഉണ്ടാവരുതേ എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന.

നാട്ടുകാരനായ ദേവന്‍ വി.എസ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ് കാണാം

https://www.facebook.com/devan.vs.5/posts/2794841637250730

shortlink

Related Articles

Post Your Comments

Related Articles


Back to top button