Kerala

സാംക്രമിക രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും

ആലപ്പുഴ: സാംക്രമിക രോഗ പ്രതിരോധ,നിയന്ത്രണ പദ്ധതിയായ ‘ആരോഗ്യ ജാഗ്രത’യുടെ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പഴുതുകളില്ലെന്ന് ഉറപ്പാക്കി കൂടുതൽ ഊർജ്ജിതമാക്കും. ജില്ല കളക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആരോഗ്യ ജാഗ്രത ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.സുസ്ഥിര പ്രതിരോധ,നിയന്ത്രണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ പറഞ്ഞു. പകർച്ചവ്യാധികൾക്കെതിരെ പലതലങ്ങളിൽ ബോധവത്കരണ കാമ്പയിൻ നടത്തും.ഇക്കാര്യത്തിൽ സ്‌കൂളുകളിലും അതിഥി സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും പ്രത്യേക ഊന്നൽ നൽകും. കൊതുക്,എലി നശീകരണത്തിന് മാർഗങ്ങൾ സ്വീകരിക്കും. ഓടകളിലും തോടുകളിലും ഒഴുക്ക് സുഗമമായി നിലനിർത്തി കൂത്താടികൾക്ക് വളരുന്ന സാഹചര്യം ഇല്ലാതാക്കും.കൊതുക് പെരുകാൻ തക്ക സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനും മറ്റുമായി ഓഫീസുകളിലും വിദ്യാലയങ്ങളിലും വീടുകളിലും ആസൂത്രണം ചെയ്ത ഡ്രൈ ഡേ പരിപാടി കാര്യക്ഷമമാക്കും.

എല്ലായിടത്തും ആവശ്യത്തിന് ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കും.ക്ളോറിനേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അനധികൃതമായി ടാങ്കറുകളിലും ബോട്ടുകളിലും ജലവിതരണം നടത്തിയാൽ കർശന നടപടിയെടുക്കും. ഉറവിടത്തിൽ വച്ചുതന്നെ ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. അതിഥി സംസ്ഥാന തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ ആരോഗ്യകരമാണെന്ന് വ്യക്തമാകാൻ കൂടെക്കൂടെ പരിശോധന നടത്തും. വ്യക്തി-ഭക്ഷ്യ ശുചിത്വം മികച്ചതായി നിലനിർത്താൻ ബോധവത്കരണവും പരിശോധനകളും വ്യാപകമായി സംഘടിപ്പിക്കും. ശാസ്ത്രീയമായ കൈകഴുകൽ,തൂവാലയുടെ ഉപയോഗം എന്നിവ സംസ്കാരമെന്ന നിലയ്ക്ക് ഉൾക്കൊള്ളാൻ വേണ്ട പരിപാടികൾ തുടരും. സാംക്രമിക രോഗ പ്രതിരോധത്തിന് ആവശ്യമെങ്കിൽ ഔഷധ വിതരണം നടത്തും. പഴകിയതോ രാസവസ്തുക്കൾ ചേർത്തോ ആയ മത്സ്യം വിപണിയിലെത്തുന്നതിനെതിരെ കർശന മുൻകരുതലെടുക്കും. ജൈവമാലിന്യസംസ്കരണത്തിൽ പിഴവുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button