Life Style

പ്രമേഹം അകറ്റാന്‍ നടത്തം ശീലമാക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ് ഇതിന്റെ കാരണം. ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയെ എനര്‍ജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ സംഭരിച്ചു വയ്ക്കാനും സഹായിക്കുന്നത്.

ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഇന്‍സുലിന്‍ രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും.

ലക്ഷണങ്ങള്‍
കഠിനമായ ക്ഷീണം, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുകയാണ് ലക്ഷണങ്ങള്‍. മുറിവുകള്‍ ഉണങ്ങാതിരിക്കുക എന്നതും പ്രമേഹത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങളില്‍ ഒന്നാണ്.

തുടര്‍ച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാല്‍ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണുകയും വേണം.

നല്ല നടപ്പും മിതമായ ഭക്ഷണവും
ഭക്ഷണത്തില്‍ കാര്‍ബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാര്‍ബോഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇന്‍ഡക്സിനെ നിയന്ത്രിക്കാനും കഴിയും. അതിനാല്‍ പ്രമേഹരോഗികള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.

കണ്ണിനെ മറക്കല്ലേ വൃക്കയേയും
പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മറക്കരുത്. പ്രമേഹ ബാധിതര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. കണ്ണിന്റെ റെറ്റിനയുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയുള്ളതിനാലാണിത്. പ്രമേഹ ബാധിതരില്‍ തിമിരവും ഗ്ലൂക്കോമയും വരാനുള്ള സാധ്യതയും കൂടുതലാണ് എന്നുമറിയുക.

വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളില്‍ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കണം. എന്നാല്‍ പ്രാരംഭത്തിലെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ അവയെ മറികടക്കാം.

പാദങ്ങള്‍ക്കും വേണം പരിചരണം
കാല്‍പ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറിവുകള്‍ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാല്‍ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button