KeralaLatest NewsNewsHealth & Fitness

വേനല്‍ക്കാലം; ജാഗ്രത പാലിക്കണം

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി മുന്നറിയിപ്പ് നല്‍കി.
ചൂട് കൂടുതലുള്ളപ്പോള്‍ (രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ) പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ജോലി സ്ഥലത്ത് വായൂ സഞ്ചാരം ഉറപ്പുവരുത്തണം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ലോഷന്‍ ഉപയോഗിക്കണം. വെയിലത്ത് യാത്ര ചെയ്യുന്നവര്‍ കണ്ണട, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കണം.

കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. സോഡിയം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ആവശ്യത്തിന് ഉപ്പും ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തലചുറ്റല്‍, ക്ഷീണം, ബോധക്ഷയം, മാംസ പേശികളില്‍ പിടുത്തം എന്നിവ അനുഭവപ്പെടാം. അമിത ചൂട് പക്ഷാഘാതത്തിന് ഇടയാക്കിയേക്കാം.  ശരീരോഷ്മാവ് കൂടുന്നതായി തോന്നിയാല്‍ തണലത്തേക്ക് മാറണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം.
ജലക്ഷാമം നിലനില്‍ക്കെ ജലജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. സുരക്ഷിതമല്ലാത്ത ജലം, ഭക്ഷണം എന്നിവ വഴി വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയ്ക്കും സാധ്യത ഏറെയാണ്. വായൂജന്യ രോഗമായ ചിക്കന്‍പോക്സും പടരാന്‍ സാഹചര്യമുണ്ട്. ടാങ്കര്‍ ലോറിയിലും സ്വകാര്യ വ്യക്തികളും വിതരണം ചെയ്യുന്ന കുടിവെള്ളം പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ തലങ്ങളില്‍ പരിശോധന നടത്താന്‍ ഡി എം ഒ നിര്‍ദേശം നല്‍കി. കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. ടാങ്ക് ക്ലോറിനേറ്റ് ചെയ്യണം. ഹോസും പമ്പും വൃത്തിയുള്ളതായിരിക്കണം. വാഹനങ്ങളില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് മാത്രമുള്ളത് എന്ന് എഴുതിയിരിക്കണം.

Also read : 19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ദുരന്തം വരുത്തിവെച്ചതിന്റെ പിന്നിലുള്ള നിഗമനം ഇങ്ങനെ

വെള്ളവും ഐസും വിതരണം ചെയ്യുന്നവര്‍ ഡിസ്ട്രിബ്യൂറ്റര്‍, ലൈസന്‍സ് വിവരങ്ങള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. പരിശോധനാ സമയത്ത് ഹാജരാക്കണം. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിന്‍ ടാബ്‌ലറ്റുകള്‍ എല്ലാ പി എച്ച് സി/സി എച്ച് സി കളിലും ലഭിക്കും. വെള്ളം ശേഖരിച്ചുവച്ച് ഉപയോഗിക്കുന്നവര്‍ മൂടിവച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൊതുകിന്റെ ഉറവിടമായി മാറാനും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവ പടരാനും സാധ്യതയുണ്ട്. മലിന ജലത്തില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കണം. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡി എം ഒ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button