KeralaLatest NewsArticleNewsNerkazhchakalWriters' Corner

“കരുണ” വിറ്റു കാശാക്കുന്നവരുടെ നാട്ടിൽ “ബക്കറ്റുകൾ”കഥ പറയുമ്പോൾ !

അഞ്ജു പാർവ്വതി പ്രഭീഷ് 

ഒരു കാര്യത്തിൽ കേരളവും ഇടതുപക്ഷപ്രസ്ഥാനവും നമ്പർ 1 തന്നെയാണ് .അത് നമ്മൾ കൈയ്യടിച്ച് അംഗീകരിച്ചേ തീരൂ.പിരിവിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ബക്കറ്റ് പിരിവിന്റെ കാര്യത്തിൽ സിപിഎമ്മിനെ വെല്ലാൻ കേരളത്തിലെന്ന ഇന്ത്യയിലെങ്ങും തന്നെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇല്ലെന്നത് തുണിയുടുക്കാത്ത സത്യമാണ്. അങ്ങ് ഉത്തരധ്രുവത്തിൽ മഞ്ഞുപ്പാളിയൊന്ന് നീങ്ങിയാൽപ്പോലും ഇങ്ങ് കൊച്ച് കേരളത്തിൽ സഖാക്കൾ എസ്ക്കിമോകളെ സഹായിക്കാനായി പിരിവ് നടത്തും. അന്തർദേശീയവും ദേശീയവും എന്നുവേണ്ട പ്രാദേശികമായി ഒരു തോട് നിറഞ്ഞുക്കവിഞ്ഞാലും ബക്കറ്റുമായി പിരിവിനിറങ്ങിയില്ലെങ്കിൽ അത് കാറൽ മാർക്സ് മുത്തപ്പനോട് ചെയ്യുന്ന അപരാധമാണെന്നു വിലയിരുഞ്ഞുന്ന ഭൗതികവാദികളാണ് കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടിയിലുള്ളത്.

‘കരുണ ‘ വിറ്റു കാശാക്കി പോക്കറ്റിലിടുന്നത് എങ്ങനെയെന്ന് ഇടതുപക്ഷ ബുദ്ധിജീവികളെ കണ്ടു പഠിക്കണമെന്ന് പൊതുസമൂഹത്തിനു അടുത്തിടെ കാണിച്ചുക്കൊടുത്തത് ആഷിഖ് അബുവും ടീമുമാണ്.അതിന്റെ ഓളം ഒന്നടങ്ങിയപ്പോഴേയ്ക്കും ഇന്നലെ മറ്റൊരു തട്ടിപ്പ് പുറത്തു വന്നിരിക്കുന്നു.വിവാദങ്ങളൊന്നും തന്നെ വകവച്ചു ശീലമില്ലാത്തതുക്കൊണ്ട് ഡൽഹി കലാപത്തിനിരയായവരെ സഹായിക്കാൻ വീണ്ടും ബക്കറ്റുപ്പിരിവുമായി ഇറങ്ങിയിരിക്കുകയാണ് സഖാക്കൾ.മാർച്ച് 7, 8 തീയതികളിൽ സംഘടിപ്പിക്കുന്ന ഫണ്ട് പ്രവർത്തനം വിജയിപ്പിക്കണമെന്നു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്.

നേരത്തേ ഈ രീതിയിൽ വ്യാപകമായി ബക്കറ്റു പിരിവ് നടന്നത് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു.ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ രക്ത സാക്ഷി ഫണ്ടിലേക്ക് സിപിഐ.എം പിരിച്ചത് മൂന്ന് കോടിയിലേറെ രൂപയാണ്. ഈ പണം മുഴുവൻ കുടുംബത്തിന് നൽകിയിരുന്നില്ല. പാർട്ടി ഫണ്ടിലേക്കാണ് മറ്റ് തുക പോയത്. അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3,10,74,887 രൂപ.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചതാണ് ഈ കണക്ക്.അതിൽ ആ കുടുംബത്തിനായി എത്ര ചെലവഴിച്ചുവെന്ന് അറിയുമ്പോഴാണ് രക്തസാക്ഷിയുടെ ലേബലിൽ പാർട്ടിഫണ്ടിലേയ്ക്ക് പണമൊഴുക്കുന്ന മർദ്ദിതരുടെയും ചൂഷിതരുടെയും പാർട്ടിയുടെ ഐസക്കൻ എക്കണോമിയുടെ അന്തർധാര വെളിവാകുന്നത്.

പാർട്ടിക്കാർ വെളിപ്പെടുത്തിയ കണക്ക് ഇപ്രകാരമാണ്.”അഭിമന്യുവിന്റെ കുടുംബത്തിനായി 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. വട്ടവടയില്‍ നിര്‍മിച്ച വീട് കഴിഞ്ഞ 2019 ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ 2018  നവംബറില്‍ സഹോദരിയുടെ വിവാഹവും നടന്നു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു.കണക്കൊക്കെ കിറുകൃത്യം!ഇല്ലായ്മയുടെ വറുതിയിൽ ജീവിതം തള്ളിനീക്കിയ ഒരു കുടുംബത്തിനു മകന്റെ ജീവത്യാഗത്തിനു പാർട്ടി തല്കിയ ഔദാര്യം. അഭിമന്യുവിന്റെ പേരിൽ 3 കോടിയിലേറെ ലഭിച്ച ധനസമാഹാരണഫണ്ടിൽ നിന്നും വീട്ടുകാർക്ക് ലഭിച്ചത് 70ലക്ഷത്തിനടുത്ത്! ബാക്കി 2 കോടി 40 ലക്ഷം എവിടെപ്പോയി? പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ ഒരുവന്റെ പേരിൽ സമാഹരിച്ച ധനം എത്ര സമർത്ഥമായാണ് സ്മാരകശിലയായും സ്മാരകകേന്ദ്രമായും മാറുന്നത് അഥവാ മാറ്റപ്പെടുന്നത്. ഓരോ രക്തസാക്ഷികൾ ഉണ്ടാകുമ്പോഴും പാർട്ടിയുടെ ബാലൻസ്ഷിറ്റിനു പറയാൻ ഇത്തരം ലാഭക്കണക്കുകൾ ഒരുപാടുണ്ട്.

രക്തസാക്ഷികളെ സഹായിക്കാനല്ലാതെ കൊലപാതകികളുടെ കേസ് നടത്തിപ്പിനായും സി.പി.എം ബക്കറ്റ് പിരിവ് നടത്താറുണ്ട്. മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ നിയമ പോരാട്ടം നടത്താന്‍ സി.പി.എം ബക്കറ്റ് പിരിവ് നടത്തിയിരുന്നു.ടി.പി വധവുമായി ബന്ധപ്പെട്ട് പിന്നീട് സംസ്ഥാന തലത്തില്‍ ഡിഫന്‍സ് ഫണ്ടും പാര്‍ട്ടി പിരിച്ചിരുന്നു.ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കതിരൂർ മനോജ് വധക്കേസ് നടത്തിപ്പിനു വേണ്ടിയും ബക്കറ്റുമായി ഇറങ്ങിയിരുന്നു സഖാക്കൾ.

ഏഴൈ തോഴര്‍’ എന്ന നിലവിട്ട് സമ്പന്നരുടെ തോളില്‍ കൈയിട്ട് നടക്കുന്ന രീതിയിലേക്ക് സി.പി.എം മാറിയിട്ട് നാളേറെയായെങ്കിലും പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന ശീലം ഇന്നും നിറുത്തിയിട്ടില്ല. അതിനായി അവർ ഓരോ കാരണം കണ്ടെത്തുന്നു.പാർട്ടി ഫണ്ടിലേയ്ക്ക് ലക്ഷങ്ങൾ ഒഴുക്കാനും ഇടനിലക്കാരുടെ ഭണ്ഡാരപ്പെട്ടി നിറയ്ക്കാനും വേണ്ടി മാത്രമാണ് ഓരോ ബക്കറ്റ്പ്പിരിവും.ഡൽഹി വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കാൾ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് കേരളത്തിലാണ് എന്നതു കൊണ്ട് തന്നെ അതിന്റെ രാഷ്ട്രീയനേട്ടം കൊയ്യുക എന്നതിനൊപ്പം സാമ്പത്തികനേട്ടം കൊയ്യാനുമുള്ള പാർട്ടിയുടെ അടവുനയം മാത്രമാണ് ഈ ബക്കറ്റ് പ്പിരിവ്.ഒരു വെടിക്ക് രണ്ടുപ്പക്ഷിയെ ഒറ്റയടിക്കു നേടുകയെന്ന തന്ത്രം പക്ഷേ എത്രമാത്രം വിലപ്പോവുമെന്നു കണ്ടറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button