KeralaLatest NewsNewsEditorialEditor's Choice

ശ്രുതിമധുരഗാനങ്ങളിലൂടെ മലയാളിമനസ്സിനെ കോരിത്തരിപ്പിച്ച സംഗീത കുലപതിയെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ ഓർമ്മിക്കുമ്പോൾ !

മലയാളിയെ സംബന്ധിച്ച് രവീന്ദ്രസംഗീതം കാലം പോലെയാണ്.അതങ്ങനെ ഒഴുകുകയാണ്.പ്രണയമായോ വിരഹമായോ ഉന്മാദമായോ നോവായോ താരാട്ടായോ അങ്ങനെ വ്യത്യസ്ത അനുഭവങ്ങളായി എവിടെയൊക്കെയോ ആരെല്ലാമോ അത് അനുഭവിക്കുന്നുണ്ട്.

പാട്ടിന്റെ ശ്രുതി താഴ്ത്തി മലയാളസംഗീതത്തിന്റെ ആ പൂങ്കുയിൽ പറന്നകന്നിട്ട് ഇന്ന് പതിനഞ്ച് വർഷം.മലയാളചലച്ചിത്രശാഖയുടെ മണിച്ചിമിഴിലേക്ക് ഒരു പനിനീർത്തുള്ളി കണക്കെ ശുദ്ധസംഗീതം പകർന്നു തന്ന ആ അദ്ഭുതപ്രതിഭ നിത്യവിഹായസ്സിലേക്ക് അലിഞ്ഞു ചേർന്നിട്ട് ഒന്നരപതിറ്റാണ്ട് ആയെങ്കിലും മലയാളിയുടെ നിത്യജീവിതത്തിൽ ഒരു നേരമെങ്കിലും രവീന്ദ്രസംഗീതം അലയടിക്കാറുണ്ട്.

മലയാളിയെ സംബന്ധിച്ച് രവീന്ദ്രസംഗീതം കാലം പോലെയാണ്.അതങ്ങനെ ഒഴുകുകയാണ്.പ്രണയമായോ വിരഹമായോ ഉന്മാദമായോ നോവായോ താരാട്ടായോ അങ്ങനെ വ്യത്യസ്ത അനുഭവങ്ങളായി എവിടെയൊക്കെയോ ആരെല്ലാമോ അത് അനുഭവിക്കുന്നുണ്ട്. ലോകത്തിന്റെ ഏതൊരു കോണിലുമുള്ള മലയാളികളിൽ എന്നും എപ്പോഴും ഏതെങ്കിലുമൊക്കെ വിധത്തിൽ, ഏതെങ്കിലുമൊക്കെ പാട്ടുകളായി രവീന്ദ്രസംഗീതം പതിച്ചുക്കൊണ്ടേയിരിക്കുന്നു.

തിരുവനന്തപുറത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിച്ച അദ്ദേഹം സിനിമാ സംഗീതത്തില്‍ അവസരങ്ങള്‍ തേടി മദിരാശിയില്‍ എത്തി. ആദ്യ നാളുകളില്‍ ‘കുളത്തൂപ്പുഴ രവി’ എന്ന പേരില്‍ ഗായകനായിരുന്ന അദ്ദേഹം പിന്നീട് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്‌. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. മലയാളിക്ക് എക്കാലവും നെഞ്ചോട് ചേര്‍ത്തുവെക്കാവുന്ന നിരവധി ഹിറ്റുകളാണ് ഈ സഖ്യം സമ്മാനിച്ചത്.

ജെ ശശികുമാര്‍ സംവിധാനം ചെയ്ത ‘ചൂള’യായിരുന്നു ആദ്യ ചിത്രം. അവിടെ തുടങ്ങുകയായിരുന്നു മലയാളചലച്ചിത്രസംഗീതലോകത്തെ രവീന്ദ്രസംഗീതമെന്ന പുതു ശാഖ. തീച്ചൂളയുടെ കൂർമതയും കാൽപനികതയുടെ ലാളിത്യവും ഈണങ്ങളുടെ മാന്ത്രികതയും ഒത്തിണങ്ങിയ ഒരു നൂറ് ഗാനങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്. ഒരു സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നു. രവീന്ദ്രന്‍ എന്ന പ്രതിഭയുടെ.! ബാബുരാജിന്റെയും ദക്ഷിണാമൂർത്തിസ്വാമിയുടെയും കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖ രവീന്ദ്രസംഗീതം എന്ന തനതു ശൈലിയ്ക്ക് വഴി മാറിക്കൊടുക്കുകയായിരുന്നു.

ശ്രുതി മധുരമായ ഒരുപാട് ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്റർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കർണ്ണാടക സംഗീതത്തിന്റെയും മെലഡിയുടെയും പക്വമായ, സമന്വയം – അതാണ്‌ രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുടെ പരസ്യമായ രഹസ്യം. ഈണങ്ങളെ കെട്ടഴിച്ചു വിട്ട് അതിലേക്ക് ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപന മാധുര്യത്തെ കൂട്ടിക്കലർത്തുകയാണ് രവീന്ദ്രൻ മാസ്റ്റർ ചെയ്തത്. പ്രമദവനം, ഹരിമുരളീരവം, കാർമുകിൽ വർണന്റെ ചുണ്ടിൽ, ഗംഗേ, ദീനദയാലോ രാമാ. എന്നീ ഗാനങ്ങൾ ഈ വിശേഷണത്തിലേക്ക് ആദ്യമോടിയെത്തുന്ന ഉദാഹരണങ്ങളാണ്. 200ൽ അധികം ചിത്രങ്ങൾക്കാണ് രവീന്ദ്രൻ മാസ്റ്റർ ഈണമിട്ടിട്ടുള്ളത്.

” ശുദ്ധ സംഗീതം അത് കേൾക്കുന്ന വ്യക്തിയേയും അയാളുടെ മനസ്സിനെയും ഒരു പ്രത്യേക തലത്തിൽ എത്തിച്ചു ശുദ്ധീകരിക്കുന്നു. കുട്ടികളെ ശുദ്ധ സംഗീതം കേൾക്കുവാൻ പ്രേരിപ്പിക്കുക വഴി അവർ കൂടുതൽ പ്രബുദ്ധരാകുന്നു. സംഗീതം തന്നെ വെറും അപശ്രുതിയിലേക്കു മാറുന്ന ഈ കാലത്ത് വേറിട്ട്‌ നിൽക്കുന്ന ശുദ്ധ സംഗീതം ശ്രദ്ധിക്കപ്പെടുന്നു” ഇത് രവീന്ദ്രൻ മാഷ് പറഞ്ഞ വാചകങ്ങളാണ്. 2005 മാര്‍ച്ച് മൂന്നിന് മരിയ്ക്കുന്നതു വരെയും ശുദ്ധ സംഗീതത്തിനു തന്നെ അര്‍പ്പിച്ചിരുന്നു ആ മുഴുവന്‍ ജീവിതവും.

അവിടെ, അങ്ങകലെ ജനിമൃതികൾക്കപ്പുറമുള്ള ആ വിദൂരമായ ലോകത്ത് ഒരു പൂമരത്തിന്റെ ചുവട്ടിൽ ഒരു ഹാർമോണിയത്തിൽ വിരലുകൾ കൊണ്ട് സംഗീത മഴ പെയ്യിക്കുകയാവും ആ സംഗീതഗന്ധർവ്വൻ. അതിന്റെ നാദവീചികൾ കാലദേശങ്ങൾ കടന്ന് ഭൂമിയിലേക്ക്, കാതുകളിലേയ്ക്ക്, ഹൃദയങ്ങളിലേയ്ക്ക് കിനിയുകയാണ്.അപ്പോൾ നമ്മളും അറിയാതെ പാടുകയാണ് ഈ വരികൾ

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ..!

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button