Festivals

ഗുരുവായൂർ ആനയോട്ടം: അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക ചടങ്ങുകൾ

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ ശീവേലിയെ അനുസ്മരിപ്പിക്കുന്നതാണ് ഉത്സവാരംഭ ദിവസത്തെ ആനയില്ലാ ശീവേലി. രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പ ൻറെ സ്വർണ്ണതിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്നു പ്രദക്ഷിണം വെയ്ക്കുക. അന്നേ ദിവസം ആനയോട്ടം കഴിയുന്നതുവരെ ആനകൾ ക്ഷേത്രപരിസരത്ത് വരരുത് എന്നാണ് വ്യവസ്ഥ.

ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചാൽ ആനയോട്ടചടങ്ങുകൾ ആരംഭിക്കും. പാരമ്പര്യ അവകാശികൾ എടുത്തുകൊടുക്കുന്ന കുടമണികളും കൊണ്ട് പാപ്പാന്മാർ ക്ഷേത്രത്തിൽനിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി ആനകളെ അണിയിക്കും. ക്ഷേത്രം മാരാർ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ആദ്യം ഓടിയെത്തി കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. മുന്നിലെത്തുന്ന മൂന്നാനകളെ മാത്രമേ ക്ഷേത്രമതിലകത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകൾ ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെ ആനയോട്ടചടങ്ങുകൾ പൂർത്തിയാകും. ആനയോട്ടത്തിലെ വിജയിക്ക് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയുണ്ടാവും.

പുന്നത്തൂർ കോട്ടയിലുള്ള ആനകളിൽനിന്നും നല്ല ആരോഗ്യസ്ഥിതിയും അക്രമസ്വഭാവമില്ലാത്തതുമായ തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ആനകളിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടാൻവേണ്ടി നറുക്കിട്ട് തീരുമാനിക്കും. പങ്കെടുക്കുന്ന ആനകളെ കുളിപ്പിച്ച് തയ്യാറാക്കി രണ്ടരയോടെ മഞ്ജുളാലിന്റെ അടുത്ത് അണിനിരത്തും.

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ചുള്ള ഐതിഹ്യം ഇതാണ്. ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല. അതിനാൽ ഉത്സവാരംഭ ദിവസം കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തിയത്. ഉത്സവത്തിന്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി.

സന്ധ്യക്ക് മുമ്പേ എല്ലാ ആനകളും ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ഇന്നും കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തപ്പെടുന്നത്. ഗുരുവായൂരപ്പന്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻറെ സ്മരണ നിലനിർത്താനാണ് ഇന്നും ആനയോട്ടം ഒരു ചടങ്ങായി നടത്തപ്പെടുന്നത് ഇതിനു ഉത്സവത്തോളംതന്നെ പ്രശസ്തി ആർജ്ജിച്ചുകഴിഞ്ഞു.

ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞു കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം . ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി മാതേമ്പാട്ടു നമ്പ്യാർ ആനയ്ക്ക് കഴുത്തിൽ കെട്ടാനുള്ള ചുവന്ന ചരടിൽ കോർത്ത കുടമണികൾ ആനപ്പാപ്പാന്മാർക്കു നൽകുന്നതോടെ ആനയോട്ടം ആരംഭിക്കുകയായി. ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു മൂന്നു തവണ പ്രദിക്ഷിണം വച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയിയായി പ്രഖ്യാപിക്കപ്പെടുക. ഈ വിജയിക്കുന്ന ആനയാണ് ഉത്സവക്കാലത്തു എഴുന്നെള്ളിപ്പിനു തിടമ്പേറ്റുക. പട്ടയും മറ്റും മറ്റാനകൾ ക്ഷേത്രമതിൽക്കകത്തു ഈ ആനയ്ക്ക് എത്തിച്ചുകൊടുക്കും. പത്തു ദിവസം ഈ വിജയിയായ ആന ക്ഷേത്രമതിൽക്കകത്തുനിന്നും പുറത്തിറങ്ങില്ല. വിജയിക്കുന്ന ഗജവീരനെ മറ്റുള്ള ജോലികൾക്കൊന്നും വിടാറില്ല.

shortlink

Related Articles

Post Your Comments


Back to top button