ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെയും ലോക്സഭ 12 മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ, കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന സംഭവത്തില്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ള കര്‍ശന റൂളിംഗ് നല്‍കി. മുദ്രാവാക്യം മുഴക്കി മറുപക്ഷത്തേക്ക് പോകുന്നവരെ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് റൂളിംഗ്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍, സ്പീക്കറുടെ റൂളിംഗിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടെടുത്തു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതേസമയം മൂന്ന് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം ബിജെപി അംഗങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.
കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെയാണ് ബിജെപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സഭ സമ്മേളിച്ചപ്പോള്‍ ഭരണപക്ഷ ഭാഗത്ത് വരികയും ഇരു പക്ഷങ്ങളും തമ്മില്‍ വാക് പോരുണ്ടാകുകയും ചെയ്തിരുന്നു. ഹൈബി ഈഡനും ഗൗരവ് ഗൊഗോയും പ്ലക്കാര്‍ഡുമായി മറുപക്ഷത്തേക്ക് നീങ്ങിയതോടെ തമ്മില്‍ത്തല്ലായി. ഹൈബി ഈഡനും ഗൗരവ് ഗോഗോയിയും അടക്കമുള്ള 15 എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് തിങ്കളാഴ്ച ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Post Your Comments