Latest NewsFootballNewsSports

ചെന്നൈയിനെ തകര്‍ത്തെറിഞ്ഞ് ഐഎസ്എല്ലില്‍ മൂന്നാം കിരീടം ചൂടി കൊല്‍ക്കത്ത

ഐ എസ് എല്ലില്‍ മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത. ഇന്ന് നടന്ന ഐ എസ് എല്‍ ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ട് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി മാറി എ ടി കെ കൊല്‍ക്കത്ത. ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ ടി കെ വിജയിച്ചത്. മാര്‍ഗാവോയിലെ ആളൊഴിഞ്ഞ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ആവേശം വാനോളമുയര്‍ത്തി കൊണ്ടാണ് എടികെയുടെ വിജയം. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോരാട്ടം. എന്നാല്‍ കോവിഡിനു തോല്‍പ്പിക്കാന്‍ പോലും പറ്റാത്ത ആവേശത്തിലായിരുന്നു മത്സരത്തിന്റെ ഓരോ നിമിഷവും. എടികെയിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി കിരീടം ചൂടിയ പരിശീലകന്‍ അന്റോണിയോ ലോപസ് ഹൊബാസിന്റെ രണ്ടാം ഐഎസ്എല്‍ കിരീടം കൂടിയാണിത്.

മത്സരത്തില്‍ തുടക്കം മുതല്‍ അറ്റാക്കിംഗ് ഫുട്‌ബോള്‍ ആണ് ഇരു ടീമുകളും നടത്തിയത്. ബോള്‍ കയ്യടക്കിയത് ചെന്നൈയിന്‍ ആണെങ്കിലും അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ മുന്നില്‍ കൊല്‍ക്കത്തയായിരുന്നു. തുടക്കത്തില്‍ തന്നെ ചെന്നൈയിന്റെ അവസരം പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ പത്താം മിനുട്ടില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ എ ടി കെ ലീഡ് നേടി ഒപ്പം താര്തിന്റെ ആദ്യ ഐഎസ്എല്‍ ഗോളും. റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോള്‍. . ആദ്യ പകുതിയില്‍ തന്നെ എടികെയ്ക്ക് തലവേദനയായി 38ആം മിനുട്ടില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്ത്. എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48ആം മിനുട്ടില്‍ ഡേവിഡ് വില്യംസിന്റെ പാസ് സ്വീകരിച്ച് എഡു ഗാര്‍സിയ നേടിയ ഗോളോടെ എടികെ ഒന്നൂടെ ഉണര്‍ന്നു.

എന്നാല്‍ തോല്‍ക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ചെന്നൈയിന്‍ 69ആം മിനുട്ടില്‍ വാല്‍സ്‌കിസിലൂടെ ഒരു ഗോള്‍ തിരിച്ചു. ജെറിയുടെ പാസില്‍ നിന്നായിരുന്നു വാല്‍സ്‌കിസിന്റെ സീസണിലെ 15മത്തെ ഗോള്‍ പിറന്നത്. ഒടുവില്‍ സമനിലക്കാന്‍ പരിശ്രമിച്ച ചെന്നൈയിന്റെ പെട്ടിയില്‍ അവസാന ആണിയെന്ന പോലെ 90+3 മിനിറ്റില്‍ ഹെര്‍ണാണ്ടസിന്റെ ഗോളില്‍ കൊല്‍ക്കത്ത മൂന്നാം കിരീടത്തില്‍ മുത്തമിട്ടു.

ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയ നെറിജസ് വാല്‍സ്‌കിസ് 15 ഗോളുകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ, എടികെ താരം റോയ് കൃഷ്ണ എന്നിവരെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഇരുവര്‍ക്കും 15 ഗോള്‍ വീതമുണ്ടെങ്കിലും ആറ് അസിസ്റ്റുകള്‍ കൂടി നടത്തിയതിന്റെ ബലത്തിലാണ് വാല്‍സ്‌കിസ് ഗോള്‍ഡന്‍ ബൂട്ട് നേടിയത്. തുടര്‍ച്ചയായ രണ്ടാം സീസണിലും ബെംഗളൂരു എഫ്‌സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button