KeralaLatest NewsIndia

സംസ്ഥാനത്ത് ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അനുമതി

എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മല്‍സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്‌ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പകര്‍ച്ച വ്യാധി വ്യാപനം തടയാന്‍ ആവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷന്‍ 144 പ്രയോഗിക്കാം. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മല്‍സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചു.സ്വകാര്യ മേഖലയിലുള്ളവയുള്‍പ്പെടെ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ഉള്‍പ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ലഭ്യമായ കിടക്കകള്‍, ആശുപത്രി മുറികള്‍, ഹോസ്റ്റല്‍ മുറികള്‍, കൊറോണ പരിശോധനാ ഉപകരണങ്ങള്‍, ഐ.സി.യു കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, കോവിഡ് 19 സംബന്ധിച്ച മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.(ഫോണ്‍: 0471 2364424, ഇ മെയില്‍: [email protected]).ഇതിന്റെ പകര്‍പ്പ് ആരോഗ്യസെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കണം.

അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പുണ്ടായാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കടുത്ത നടപടിയെടുക്കും. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങള്‍ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. നിര്‍ദേശങ്ങള്‍ മാര്‍ച്ച്‌ 22 വെളുപ്പിന് 12 മണിമുതല്‍ പ്രാബല്യത്തില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button