KeralaLatest NewsNews

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,156 പേര്‍ കൂടി നിരീക്ഷണത്തില്‍ ; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ 1,156 പേര്‍ കൂടി കോവിഡ് നിരീക്ഷണത്തില്‍. ഇതോടെ ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 13,936 പേരായി. 63 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 53 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടു പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 13,852 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് ജില്ലാകളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ജില്ലയില്‍ കോവിഡ് ബാധിതയായിരുന്ന ഒരാള്‍ രോഗമുക്തി നേടി. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം രോഗമുക്തയായത്. ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. രോഗമുക്തയായതോടെ ഉടന്‍ വീട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 601 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 62 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുണ്ടെന്നും വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാകളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,156 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 13,936 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന ഒരാള്‍ക്ക് രോഗം ഭേദമായി; നാളെ വീട്ടിലേക്കു മടങ്ങും

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 1,156 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ വിലയിരുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,936 ആയി. 63 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 53 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടു പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 13,852 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ഒരാള്‍ രോഗമുക്തി നേടി; ഉടന്‍ വീട്ടിലേക്കു മടങ്ങും

ജില്ലയില്‍ കോവിഡ് ബാധിതയായിരുന്ന ഒരാള്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം രോഗമുക്തയായത്. ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. രോഗമുക്തയായതോടെ ഉടന്‍ വീട്ടിലേക്കു മടങ്ങും.

ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തെ അറിയിച്ചു. ഇതുവരെ 601 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 62 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്.

ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണ്. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് 6,003 വീടുകളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ സജീവം

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 371 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 438 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 2,582 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്ന് ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

വൈറസ് ബാധിച്ചത് കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 കാരന്

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയായ 85 കാരനാണ് വൈറസ് ബാധ. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.

മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. മാര്‍ച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇന്‍ജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തി വാഹനത്തിനുള്ളില്‍ വെച്ചു തന്നെ ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങി. 29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇന്‍ജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയില്‍ ആക്കപ്പറമ്പിലെ ക്ലിനിക്കില്‍ നിന്ന് ഇന്‍ജക്ഷന്‍ എടുത്തു വീട്ടിലേക്കു മടങ്ങി.

മാര്‍ച്ച് 30 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. 31 ന് രാവിലെ 1 മണിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെത്തി, മാര്‍ച്ച് 31 ന് ഉച്ചയ്ക് 2.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകന്‍, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകന്‍ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയില്‍ നിന്നും മാര്‍ച്ച് 11 ന് രാവിലെ 10.20 ന് കരിപ്പൂരിലെത്തിയ എസ്.വി – 746 വിമാനത്തിലാണ്. ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253

shortlink

Post Your Comments


Back to top button