KeralaLatest NewsNews

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി കോവിഡ് ഭേദമായി; ഇനി ജില്ലയിൽ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് രോഗം ഭേദമായി. ഇനി ജില്ലയിൽ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ്. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കാസര്‍കോട് സ്വദേശിയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഇതോടെ പോസിറ്റീവായ ഒരു കാസര്‍കോട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് മെഡിക്കല്‍ കോളേജില്‍ അവശേഷിക്കുന്നത്.

13 പേര്‍ ഉള്‍പ്പെടെ 26 പേരാണ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ മെഡിക്കല്‍ കോളേജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഇന്നലെ വരെ ആകെ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 16 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആകെ 297 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 274 എണ്ണത്തിന്റെ ഫലംലഭിച്ചു. 264 എണ്ണം നെഗറ്റീവാണ്. അസുഖം ഭേദമായവര്‍ ഉള്‍പ്പെടെ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും രണ്ട് കാസര്‍ഗോഡ് സ്വദേശികളുമാണ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 23 പേരുടെ പരിശോധന ഫലംകൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍റൂമിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 24 പേര്‍ ഫോണിലൂടെ സേവനം തേടി. ജില്ലാമെഡിക്കല്‍ ഓഫീസര്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് തല പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button