KeralaLatest NewsNews

എഴുതിയിരിക്കുന്നത് ധനമന്ത്രി ആണെങ്കിലും ഭാഷയൊക്കെ മൊത്തത്തിൽ എന്തോ വശപ്പിശകാണ്; വിടി ബൽറാമും തോമസ് ഐസക്കും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

സാലറി ചലഞ്ച് എന്തിനാണെന്ന് ചോദിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിടി ബൽറാമും അടുത്ത വാദങ്ങളുമായി എത്തുകയുണ്ടായി. ഫേസ്ബുക്കിലൂടെ തന്നെയാണ് ബൽറാമും തന്റെ വാദങ്ങൾ നിരത്തിയിരിക്കുന്നത്. എംഎൽഎ ക്കുള്ള മറുപടി എത്തിയിട്ടുണ്ടെന്ന് കേട്ടാണ് പോയിനോക്കിയതെന്നും മറുപടി എഴുതിയിരിക്കുന്നത് ബഹുമാനപ്പെട്ട ധനമന്ത്രി ആണെങ്കിലും ഭാഷയൊക്കെ മൊത്തത്തിൽ എന്തോ വശപ്പിശകാണെന്നും ബൽറാം പറയുന്നു. പണ്ട് ലോട്ടറി വിഷയത്തിൽ ഒരു ജനപ്രതിനിധിയുമായി ഉണ്ടായ ചർച്ചക്ക് തൻ്റെ ഓഫീസ് സെക്രട്ടറിയെ വേണമെങ്കിൽ അയക്കാം എന്ന് പറഞ്ഞ ആ ധാർഷ്ഠ്യം തന്നെയാണോ ഇപ്പോഴും ബഹുമാന്യനായ ധനമന്ത്രിക്കെന്നും അദ്ദേഹം ചോദിക്കുന്നു.

Read also: തീകത്തിച്ചാൽ കൊറോണ ഇല്ലാതാകുമെങ്കിൽ ആമസോൺ കാടുകളിൽ നിരപരാധികളായ എത്ര കൊറോണ വൈറസുകൾ മൃതിയടഞ്ഞിട്ടുണ്ടാകും; പരിഹാസവുമായി സന്ദീപാനന്ദഗിരി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എംഎൽഎ ക്കുള്ള മറുപടി എത്തിയിട്ടുണ്ടെന്ന് കേട്ടാണ് പോയിനോക്കിയത്. മറുപടി എഴുതിയിരിക്കുന്നത് ബഹുമാനപ്പെട്ട ധനമന്ത്രി ആണെങ്കിലും ഭാഷയൊക്കെ മൊത്തത്തിൽ എന്തോ വശപ്പിശകാണ്. വിവരക്കേട്, കുത്തിത്തിരിപ്പ്, അലമ്പുണ്ടാക്കൽ, പേടിപ്പിക്കൽ എന്നൊക്കെപ്പറഞ്ഞ് വിമർശനങ്ങളോട് സ്വതവേയുള്ള ഇടത് ബുദ്ധിജീവി പുച്ഛമല്ലാതെ പ്രസക്തമായ ചോദ്യങ്ങൾക്കൊന്നും മറുപടി കണ്ടില്ല. പണ്ട് ലോട്ടറി വിഷയത്തിൽ ഒരു ജനപ്രതിനിധിയുമായി ഉണ്ടായ ചർച്ചക്ക് തൻ്റെ ഓഫീസ് സെക്രട്ടറിയെ വേണമെങ്കിൽ അയക്കാം എന്ന് പറഞ്ഞ ആ ധാർഷ്ഠ്യം തന്നെയാണോ ഇപ്പോഴും ബഹുമാന്യനായ ധനമന്ത്രിക്ക്!

മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ 600 കോടി രൂപ ആവശ്യപ്പെട്ട് ഫയൽ അയച്ചതായി മന്ത്രി പറയുന്നു. അവർക്ക് 400 കോടി ബജറ്റ് വിഹിതം ഉണ്ടെന്നും അദ്ദേഹം തന്നെ സമ്മതിക്കുന്നു. അതായത് അധികമായി ആവശ്യം വരുന്നത് 200 കോടി രൂപ. ഈയാവശ്യം ഇനിയും വർദ്ധിച്ചേക്കാം എന്ന് ഞാനുമംഗീകരിക്കുന്നു. എന്നാൽ അത് എത്ര വരെ വരും എന്നതിന് സർക്കാരിന് ഒരു പ്രാഥമിക കണക്കെങ്കിലും വേണ്ടേ? കൊറോണ സംബന്ധിച്ച് ആരോഗ്യ മേഖലക്ക് അധികമായി ഉണ്ടാകുന്ന ചെലവിനേക്കുറിച്ച് ഊഹാപോഹങ്ങൾക്കപ്പുറം വിശദമായ ഒരു ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകുമോ? മന്ത്രിയുടെയത്ര വിവരമില്ലാത്തവരെങ്കിലും പൊതുജനങ്ങൾക്കും അവർ തെരഞ്ഞെടുത്ത പ്രതിനിധികൾക്കുമൊക്കെ ഒന്ന് മനസ്സിലാക്കാനവസരം ലഭിക്കുമല്ലോ! ആ അധികച്ചെലവ് നേരിടാൻ ശമ്പളം പിടിച്ചുപറിക്കലല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടോ എന്നും നമുക്ക് കൂട്ടായി പരിശോധിക്കാമല്ലോ?

“ഒരു കോവിഡ് രോഗിയെ ചികിൽസിക്കണമെങ്കിൽ ചുരുങ്ങിയത് 25000 രൂപ ചുരുങ്ങിയത് ദിനംപ്രതി ചെലവ് ആണ്.” എന്നാണ് ധനമന്ത്രി പറയുന്നത്. രണ്ട് ദിവസം മുൻപ് ചില പത്രങ്ങളിൽ ഇതേ കണക്ക് വന്നതിന് പിന്നിലെ സോഴ്സ് അപ്പോൾ മനസ്സിലായി. എന്നാൽ ഈ കണക്കും സാമാന്യയുക്തിക്ക് നിരക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു. കാരണം പത്രങ്ങളിൽ ഈ 25000 ൻ്റെ ബ്രേയ്ക്കപ്പായി വന്ന പല ചിലവുകളും ഒറ്റത്തവണയുള്ള ചെലവാണ്, ദിവസേന വേണ്ടതല്ല. സർക്കാർ ആശുപത്രികൾക്ക് പതിവായി വേണ്ടിവരുന്ന ചെലവുകൾക്ക് പുറമേ കൊറോണ പ്രമാണിച്ച് പ്രത്യേകമായി വരുന്ന അധികച്ചെലവ് മാത്രമേ ഇതിൽ കണക്കാക്കാൻ പാടുള്ളൂ എന്ന ബേസിക് അക്കൗണ്ടിംഗ് തത്വം സാമ്പത്തിക വിദഗ്ദനായ മന്ത്രിയെ ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ? എതായാലും വൻകിട ഫൈവ് സ്റ്റാർ സ്വകാര്യ ആശുപത്രികളിലെ മുറിവാടകയും വെൻറിലേറ്റർ, ഐസിയു നിരക്കുകളും വച്ചല്ല, സർക്കാർ ആശുപത്രികളിലെ യഥാർത്ഥ നിരക്കുകൾ വച്ച് ഇക്കാര്യത്തിലെ അധികച്ചെലവ് എത്ര വരുമെന്ന് കണക്കാക്കേണ്ടതുണ്ട്.

ലോക്ക്ഡൗൺ നീണ്ടു പോയാൽ “സമ്പൂർണ്ണ സാമ്പത്തിക സ്തംഭനം” ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നതിനെ ആരും എതിർത്തിട്ടില്ല എന്ന് മാത്രമല്ല, അത് തന്നെയാണ് ശമ്പള പിടിച്ചുപറിക്കെതിരായ ഏറ്റവും വലിയ വിമർശനവും. ശമ്പളം നൽകാതെ ക്ലിപ്ത വരുമാനക്കാരായ ഒരു വലിയ വിഭാഗത്തിൻ്റെ വാങ്ങൽ ശേഷി ഇല്ലാതാക്കിയാൽ അത് വിപണിയിലുണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും? ലോക്ക്ഡൗണിന് ശേഷമുള്ള നമ്മുടെ സാമ്പത്തിക തിരിച്ചു വരവിനെ അത് എത്ര നാളേക്ക് മന്ദീഭവിപ്പിക്കും? എക്കാലത്തും മാന്ദ്യവിരുദ്ധ പാക്കേജുകളുടെ വക്താവായിരുന്ന ധനമന്ത്രിക്ക് ഇതെന്തു പറ്റി? ജനങ്ങൾക്ക് “ആശ്വാസം എങ്ങിനെ എത്തിക്കാം , ഉത്തേജനം എങ്ങിനെ നല്കാം എന്നുള്ളതാണ്” സർക്കാരിൻ്റെ ചിന്ത എങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ 3200 കോടി രൂപ കിട്ടിയാൽ അതിൽ നിന്ന് എത്ര തുക ഇങ്ങനെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം കിട്ടുന്ന പുതിയ പദ്ധതികൾക്ക് ചെലവഴിക്കും എന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല എന്നത് കൊണ്ടാണ് സാലറി ചലഞ്ചിനെതിരെ ഇക്കണ്ട വിമർശനങ്ങളൊക്കെ ഉയരുന്നത് തന്നെ.

“4200 കോടി ക്ഷേമ പെൻഷനുകൾക്ക് അനുവദിച്ചു വിതരണം ചെയ്തു കൊണ്ടിരിക്കുന്നു” എന്ന പതിവ് അവകാശവാദം മന്ത്രി ഇത്തവണയും ആവർത്തിക്കുന്നുണ്ട്. നിങ്ങൾ ആറ് മാസം പെൻഷൻ കുടിശ്ശിക വരുത്തിയത് കൊണ്ടല്ലേ ഇത്ര ഭീമമായ തുക ഒരുമിച്ച് കൊടുക്കേണ്ടി വന്നത്? നിങ്ങൾ 8 മാസത്തെ കുടിശ്ശിക വരുത്തിയിരുന്നുവെങ്കിൽ 5300 കോടി ഒരുമിച്ച് കൊടുക്കേണ്ടി വന്നേനെ, അപ്പോൾ കൂടുതൽ മേനി നടിക്കാമായിരുന്നു. ഏപ്രിൽ മാസത്തെ പെൻഷൻ പതിവ് പോലെ ലേറ്റാക്കിയില്ല എന്നത് മാത്രമാണ് ഇതിൽ അംഗീകരിക്കപ്പെടേണ്ട ഏകകാര്യം. ക്ഷേമ പെൻഷൻ എല്ലാ മാസവും കൃത്യമായി വീട്ടിലെത്തിച്ച് നൽകും എന്ന എൽഡിഎഫിൻ്റെ പ്രചരണ വാഗ്ദാനം ഈ നാല് കൊല്ലത്തിനിടയിൽ ആദ്യമായാണ് താങ്കൾക്ക് പൂർത്തീകരിക്കാൻ കഴിയുന്നത് എന്ന് മറന്നു പോകരുത്.

ഏതായാലും താങ്കൾ പോസ്റ്റിൽ വാഗ്ദാനം ചെയ്യുന്ന പോലെ ”വിവിധ മേഖലകൾക്കുള്ള ഉത്തേജക പരിപാടികൾ തയ്യാറാക്കി കൊണ്ട് “വരൂ. അതിൻ്റെ ഫിനാൻസിംഗിന് സർക്കാരിൻ്റെ മുമ്പിലുള്ള വിവിധ ധനാഗമ മാർഗങ്ങളേക്കുറിച്ചും ജനങ്ങളോടും അവരുടെ പ്രതിനിധികളോടും ചർച്ച ചെയ്യൂ. സർക്കാരിൻ്റെ പാഴ്ച്ചെലവുകളും ധൂർത്തും നിയന്ത്രിക്കാൻ വേണ്ടി എടുക്കുന്ന നടപടികളും ജനങ്ങൾക്ക് മുൻപിൽ വക്കൂ. അതൊക്കെ വസ്തുനിഷ്ഠമായി പരിശോധിച്ച് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ നമുക്ക് ശമ്പള പിടിച്ചുപറിയേക്കുറിച്ചും തുറന്ന മനസ്സോടെ ചർച്ച ചെയ്യാം. അതല്ലേ സർ ജനാധിപത്യ മര്യാദ?

shortlink

Related Articles

Post Your Comments

Related Articles


Back to top button