Latest NewsNewsInternational

ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവെന്ന് സംശയം : രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തത് വലിയ ആശങ്ക

ബെയ്ജിങ് : ലോകരാഷ്ട്രങ്ങളില്‍ പടര്‍ന്നു പിടിച്ച് മുക്കാല്‍ ലക്ഷത്തോളം പേരെ മരണത്തിലേയ്ക്ക് തള്ളിവിട്ട കോവിഡ്-19 ചൈനയില്‍ വീണ്ടും സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവെന്ന് സംശയിക്കുന്നു. ചൈനയില്‍ ഞായറാഴ്ച പുതിയതായി 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഇതില്‍ 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

Read Also : കോവിഡ്-19 നും മുന്നില്‍ തളര്‍ന്ന് ലോകം : അതീവ ഗുരുതരം : വൈറസ് വ്യാപിച്ചത് 208 രാഷ്ട്രങ്ങളില്‍ : മഹാമാരി പിടിപ്പെട്ടത് 12 ലക്ഷത്തിലധികം പേര്‍ക്ക്

ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിക പ്രദേശമാണിത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനയിപ്പോള്‍. ഇതുവഴിയെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.

ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവര്‍ രോഗബാധയുടെ അപൂര്‍വ ക്ലസ്റ്റര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ആകെ 81,708 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,331 പേര്‍ ഇതുവരെ മരിച്ചു. ഹോങ്കോങ്ങില്‍ 890 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button