KeralaLatest NewsNews

കോവിഡ് 19 ; മലപ്പുറത്ത് ഇന്ന് മാത്രം നിരീക്ഷണത്തില്‍ ആയത് 250 പേര്‍ ; ജില്ലയില്‍ ആകെ പതിനാലായിരത്തലധികം പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 250 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,067 ആയി. ഇന്ന് 83 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 78 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാള്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 319 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13,918 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 66 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇതുവരെ 938 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 189 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണ്. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 8,746 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ഇന്ന് 133 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 107 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടുവെന്നും 25 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കിയതായും കളക്ടര്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 494 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 169 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്ന് ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button