KeralaLatest NewsIndia

ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച്‌ ബൈക്കില്‍ കറങ്ങി രഹസ്യ കോഡ് ഉപയോഗിച്ച് വില്‍പ്പന; കൊവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കില്‍ കറങ്ങി നടന്ന് കഴുത്തില്‍ ഐ ഡി കാര്‍ഡും ബാഗും തൂക്കിയിട്ടു വന്നയാളാണ് ഒരു ലിറ്ററിന് 1600 രൂപ നിരക്കില്‍ മദ്യം നല്‍കിയതെന്നു പറഞ്ഞു.

വര്‍ക്കല: ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച്‌ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ചപ്പാത്തി എന്ന രഹസ്യ കോഡില്‍ ബൈക്കില്‍ കറങ്ങി വില്‍പ്പന നടത്തിയ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വര്‍ക്കല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല യൂഡി ഓഡിറ്റോറിയതിനു സമീപം സജീന മന്‍സിലില്‍ സജിന്‍(37) ആണ് പിടിയിലായത്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ബൈക്കില്‍ കറങ്ങി ലിറ്റര്‍ കണക്കിനു വ്യാജമദ്യം ഇയാള്‍ വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു.മൂന്നു കുപ്പി മദ്യവും ഇയാളില്‍നിന്നു പിടിച്ചെടുത്തു.

വീഡിയോഗ്രാഫറുടെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചും സന്നദ്ധ പ്രവര്‍ത്തകനായി ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ മറവിലുമാണ് പൊലീസ് പരിശോധനകള്‍ ഒഴിവാക്കിയിരുന്നത്. മുഖം അറിയാതിരിക്കാന്‍ എപ്പോഴും മാസ്‌ക് ധരിച്ചാണ് ഇയാള്‍ മദ്യം വിതരണം ചെയ്തുവന്നത്.മദ്യപിച്ചു വാഹനമോടിച്ച ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കില്‍ കറങ്ങി നടന്ന് കഴുത്തില്‍ ഐ ഡി കാര്‍ഡും ബാഗും തൂക്കിയിട്ടു വന്നയാളാണ് ഒരു ലിറ്ററിന് 1600 രൂപ നിരക്കില്‍ മദ്യം നല്‍കിയതെന്നു പറഞ്ഞു.

ഇതോടെ കെണിയൊരുക്കിയ പൊലീസ് ഇയാളെ ഫോണ്‍ വിളിച്ച്‌ മദ്യം ആവശ്യപ്പെട്ടു. ചപ്പാത്തി എന്ന കോഡിലാണ് മദ്യം അറിയപ്പെടുന്നത്. പൊലീസ് വിളിച്ചപ്പോള്‍ 1600 രൂപ തന്നാല്‍ ചപ്പാത്തി നല്‍കാമെന്നാണു പറഞ്ഞത്. മഫ്തിയിലെത്തിയ പൊലീസില്‍നിന്ന് 1600 രൂപ കൈപ്പറ്റി മദ്യം നല്‍കുന്നതിനിടെയാണ് സജിന്‍ പിടിയിലായത്.ഇത്തരത്തില്‍ ഒരു ദിവസം മുപ്പതോളം കുപ്പി മദ്യം വിറ്റിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒരു മാസത്തോളം ഒളിപ്പിച്ചു താമസിപ്പിച്ച ഹൗസ് ബോട്ട് ഉടമ പിടിയിൽ

മെഡിക്കല്‍ ഷോപ്പില്‍നിന്ന് ഈഥൈല്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിറ്റൈസര്‍ അളവില്‍ കൂടുതല്‍ വാങ്ങി അതില്‍ വിദേശമദ്യവും ജീരകവെള്ളവും ചേര്‍ത്ത് ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചാണ് വിറ്റിരുന്നത്.വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അജിത്കുമാര്‍, പ്രൊബേഷണറി എസ് ഐ പ്രവീണ്‍, എ എസ് ഐ ഷൈന്‍, സി പി ഒമാരായ നാഷ്, അന്‍സര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button