KeralaLatest NewsNews

ശമ്പളം പിടിക്കാനുള്ള സർക്കാർ ഓർഡിനൻസിനു സ്റ്റേയില്ല

കൊച്ചി :  ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിനു സ്റ്റേയില്ല. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഓർഡിനൻസ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകളാണ് ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ശമ്പളം പിടിക്കേണ്ടത് ഇപ്പോൾ അ‌നിവാര്യമാണെന്ന് സർക്കാർ അ‌ഭിഭാഷകൻ ​നേരത്തേ കോടതിയിൽ പറഞ്ഞിരുന്നു. ഇതിനെതിരായി ഒരു ഉത്തരവ് വന്നാൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കും. പാവപ്പെട്ടവരാണ് കഷ്ടത്തിലാവുന്നത്. സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അ‌വകാശമുണ്ട്. നിയമനിർമാണം നടത്താമെന്ന് ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ​ഹൈക്കോടതി ഉത്തരവിൽ തന്നെ പറയുന്നുണ്ട്. ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസ്. പിടിച്ച ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് അ‌ക്കാര്യം ഓർഡിനൻസിൽ തന്നെ വ്യക്തമാക്കുന്നുവെന്നും ആറു മാസത്തിനകം ശമ്പളം തിരികെ നൽകുന്നത് എപ്പോഴാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഓർഡിനൻസിൽ പറയുന്നുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ അ‌ഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് പറഞ്ഞു.

Also read : 12 രാജ്യങ്ങള്‍, 64 വിമാനങ്ങള്‍, ആദ്യ ആഴ്ച മടങ്ങുന്നത് പതിനായിരങ്ങള്‍ : ചരിത്രത്താളുകളില്‍ ഇടംപിടിച്ച് കേന്ദ്രസര്‍ക്കാറിന്റെ മെഗാദൗത്യം

ശമ്പളം പിടിക്കുന്നതിനായി അ‌ഡ്മിനിസ്ട്രേറ്റീവ് ഓർഡർ സർക്കാർ നേരത്തേ ഇറക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ സംഘടനകൾ ​സമർപ്പിച്ച ഹർജിയിൽ ​ഹൈക്കോടതി സ്റ്റേ അ‌നുവദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഇതോടെ പ്രതിപക്ഷ സംഘടനകൾ ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. നിയമസാധുത ഇല്ലെന്ന കാരണത്താലാണ് സർക്കാരിന്റെ മുൻ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ, നിയമത്തിന് തുല്യമായ ഓർഡിനൻസിൽ പെട്ടെന്ന് ഇടപെടാനാകില്ലെന്നാണ് കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നത്.  പ്രഥമദൃഷ്ട്യ നിയമലംഘനമൊന്നും ഇല്ലെന്നതു കൂടി പരിഗണിച്ച് ഇടക്കാല ഉത്തരവിൽ ഓർഡിനൻസിന് സ്റ്റേ അ‌നുവദിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. അ‌തേസമയം, ഹർജിക്കാർ ഉന്നയിച്ച മറ്റു വാദങ്ങൾ കോടതി​ വിശദമായ വാദം കേൾക്കലിൽ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button