CinemaMollywoodLatest NewsNewsEntertainment

ലോക്ഡൗൺ കഴിഞ്ഞാൽ സിനിമ കാണാൻ ആളുകൾ വരുമോ?പഠന റിപ്പോർട്ടുമായി സംവിധായകൻ ദീപു അന്തിക്കാട്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് ശേഷമുള്ള സിനിമയുടെ ഭാവിയെക്കുറിച്ച് പഠനം നടത്തി സംവിധായകൻ ദീപു അന്തിക്കാട്. എന്നാൽ പഠനത്തിൽ ഭൂരിഭാ​ഗം ആളുകളും തിയേറ്റർ തുറന്നാൽ സിനിമ കാണാൻ പോകുമെന്നാണ് ഉത്തരം നൽകിയതെന്ന് ദീപു അന്തിക്കാട് പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപു അന്തിക്കാട് ഈ കാര്യം ഈ കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………….

ലോക്ഡൗൺ കഴിഞ്ഞാൽ സിനിമ കാണാൻ ആളുകൾ വരുമോ? ഒരു പഠന റിപ്പോർട്ട്.

പ്രദർശനം പതിവുപോലെ ?

സിനിമ ഒരു ലഹരിയാണ്. ഒരു കൊറോണയ്ക്കും അതിന്റെ ആസ്വാദകരെ തോല്‍പ്പിക്കാനാകില്ല.

കഴിഞ്ഞ ദിവസങ്ങളിൽ കൊറോണയ്ക്ക് ശേഷം കേരളത്തിലെ കൺസ്യൂമർ ബിഹേവിയർ എന്താകും എന്നറിയുന്നതിനെ കുറിച്ച് ഞാൻ നടത്തുന്ന പഠനത്തിന്റെ ഭാഗമായി സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിനിമാ പ്രേക്ഷകരും, ചലച്ചിത്ര പ്രവർത്തകരും തിയറ്റർ ഉടമകളും, നിർമാതാക്കളും നൽകിയ ഉത്തരങ്ങളിൽ നിന്നും മനസ്സിലാക്കിയ നിഗമനമാണ് മേൽചേർത്തത്.

‘ലോക്ഡൗണിന് ശേഷം സിനിമാ തിയറ്ററുകൾ തുറക്കുമ്പോൾ എത്ര നാളുകൾക്കുള്ളിൽ നിങ്ങൾ സിനിമാ തിയറ്ററുകളിൽ പോകും എന്നായിരുന്നു സർവേയിലെ ചോദ്യം.’ ഈ അടുത്ത കാലത്തൊന്നും ആരും സിനിമ കാണാൻ പോകില്ല എന്നായിരിക്കും പൊതുവിൽ സാധാരണക്കാർ പ്രതീക്ഷിക്കുന്ന ഉത്തരം. എന്നാൽ വിവിധ കാറ്റഗറിയിലുള്ള ആളുകൾ വിവിധ തരത്തിലാണ് പ്രതികരിച്ചത്.

മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ “അഡിക്റ്റഡ്” (category A), “പതിവുകാർ” (B), “വല്ലപ്പോഴും” (C), “നിർബന്ധിച്ചാൽ” (D), “തൊടാത്തവർ (E)” തുടങ്ങിയ കാറ്റഗറികൾ സിനിമാ പ്രേക്ഷകരുടെ കാര്യത്തിലുമുണ്ട് എന്നതാണ് രസകരമായ വസ്തുത.</p>

എന്റെ ചോദ്യത്തിന് ‘A’ കാറ്റഗറിയിൽ പെടുന്നവർ ഭൂരിഭാഗവും നൽകിയ ഉത്തരം ആദ്യ ദിവസം തന്നെ തിയറ്ററിൽ എത്തും എന്നായിരുന്നു. ഈ കാറ്റഗറിയിൽ ഒരു മാതിരിപ്പെട്ട എല്ലാ സിനിമൾക്കും തലവയ്ക്കുന്നവരും, ഇഷ്ട താരത്തിന്റെ സിനിമ കാണാനെത്തുന്ന ഫാൻസുകാരും, ഒരു വിഭാഗം സിനിമാ പ്രവർത്തകരും സിനിമാ മോഹികളും വരുന്നു.

‘B’ കാറ്റഗറിക്കാർ നൽകിയ ഉത്തരം ആദ്യ ആഴ്ച തന്നെ എന്നാണ്.പ്രതീക്ഷ ഉണർത്തുന്ന ചിത്രങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ കാത്തുനിൽക്കാതെ കയറി കാണുന്നവരാണ് ഇതിൽ അധികം പേരും.

‘C’കാറ്റഗറിയിൽ വരുന്നവർ സിനിമ നല്ലതാണെന്ന് അറിഞ്ഞ ശേഷവും അവധിക്കാലത്തും മാത്രം സിനിമയ്ക്ക് പോകുന്നവരാണ്. ഇതിൽപ്പെടുന്നവരിൽ അധികം പേരും നൽകിയ ഉത്തരം ഒന്നു മുതൽ മൂന്ന് മാസത്തിനു ശേഷം എന്നാണ്.

‘D’ കാറ്റഗറിയിൽ,മറ്റുള്ളവർ എല്ലാം ഒരു സിനിമ കണ്ട് കഴിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട് ആ സിനിമ കാണാൻ സ്വയമേവയോ ഫാമിലിയുടേയോ നിർബന്ധത്തിന് വഴങ്ങുന്നവരാണ്. ഇക്കൂട്ടരിൽ അധികവും ആറ് മാസം മുതൽ ഒരു വർഷമെടുക്കും തിയറ്ററിൽ പോകാൻ എന്നാണ് ഉത്തരം നൽകിയത്.

‘E’ കാറ്റഗറി തിയറ്ററിൽ പോയി സിനിമകാണാൻ താല്പര്യപ്പെടാത്തവരാണ്. ഇവർ ടീവിയിലും മൊബ്ബൈലിലുമാണ് സിനിമ കാണുന്നത്.മുകളിൽ പറഞ്ഞ എല്ലാ കാറ്റഗറിയിൽപ്പെട്ടവരും അവർക്ക് മിസ്സ് ചെയ്ത സിനിമകൾ കാണാൻ ടീവി ചാനലുകളും മൊബൈലും ഉപയോഗിക്കുന്നുണ്ട്.

അപ്രതീക്ഷിതമായ മറ്റൊരറിവ് കോവിഡ് മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമാ തിയറ്ററിൽ പോകില്ല എന്ന് പറഞ്ഞവർ വളരെ കുറവായിരുന്നു എന്നതാണ്.

(ഒരുപക്ഷേ കോവിഡിനുമുൻപ് തന്നെ തകർന്നിരുന്ന എക്കണോമിയിൽ ജീവിച്ചു ശീലമായതു കൊണ്ടാകാം.) അല്ലെങ്കിലും ലോകത്തെവിടെയും ഏറ്റവും കുറഞ്ഞനിരക്കിൽ ലഭിക്കുന്ന വിനോദോപാധിയാണല്ലോ സിനിമ.

എന്നിരുന്നാലും സ്റ്റോക്മാർക്കറ്റിൽ സംഭവിക്കുന്ന കറക്‌ഷൻ എന്നപ്പോലെ,സിനിമാ തിയറ്ററുകൾ സാധാരണപോലെ പ്രവർത്തിക്കൽ ആരംഭിച്ച ശേഷം, അടുത്ത ആറ് മാസത്തേക്ക് കൊറോണകാലത്തിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൽ 30 മുതൽ 50 ശതമാനത്തോളം കളക്ഷനിൽ കുറവ് സംഭവിക്കാൻ ഇടയുണ്ട്.(നല്ല സിനിമകൾക്ക് 30%, തരക്കേടില്ലാത്തവക്ക് 40%, മോശം സിനിമകൾക്ക് 50%.ബാക്കി ഉള്ളവയ്ക്ക് കട്ടപുക).

കൊറോണ തുടർ ഭീതികാരണം ഒരു കാറ്റഗറിയിൽ നിന്നു അടുത്ത കാറ്റഗറിയിലേക്ക് ഉണ്ടായ ഓഡിയൻസ് ഷിഫ്റ്റ് ആണ് ഇതിനു കാരണം.പ്രത്യേകിച്ച് ഫാമിലി ഓഡിയൻസിന്റെ കാര്യത്തിൽ. ഇതു മൂലം നേട്ടം ഉണ്ടാകുന്നത് ടീവീ ചാനലുകൾക്കും ഓൺലൈൻ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾക്കുമാണ്.

അടുത്ത ഒരുവർഷത്തിനുള്ളിൽ നിർമിക്കുന്ന സിനിമകൾ നിർമാണ ചിലവുകൾ 25 മുതൽ 35 ശതമാനം വരെ കുറച്ചുകൊണ്ടും തിയറ്ററുകൾ സർക്കാരിൽ നിന്ന് GST- വിനോദ നികുതി, കറന്റ് ചാർജ് എന്നിവയിൽ ഇളവുകൾ നേടിയും ഈ പ്രശ്നങ്ങൾ തരണം ചെയ്യാം.

ഇതിനിടയിൽ ഏതെങ്കിലും ഒരു സിനിമ 50 കോടി ക്ലബ്ബിൽ (ഒറിജിനൽ 50 കോടി ക്ലബ്ബ്) കയറിയാൽ സിനിമയുടെ പൂർവ സ്ഥിതിയിലേയ്ക്കുള്ള തിരിച്ചു വരവ് ധ്രുതഗതിയിലാകും.

നിർമാണം പൂർത്തിയാക്കി പ്രദർശന സജ്ജമായ ഒന്ന് രണ്ട് സിനിമകളിലാണ് ആ പ്രതീക്ഷ. ആ സിനിമകൾ ഈ ടാർഗറ്റ് അച്ചീവ് ചെയ്യുന്നില്ലെങ്കിൽ സിനിമയെ രക്ഷിക്കാൻ

20-20 പോലെ താര സമ്പന്നമായ നിർമിക്കാൻ സിനിമക്കാർ മുഴുവൻ ഒത്തുകൂടേണ്ടി വരും.

വാൽകഷ്ണം:- ലോക്ഡൗൺകാലത്ത് ലോകം ഒരു ഭ്രാന്താലയമാകാതെ പിടിച്ച് നിർത്തിയതിൽ സിനിമ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമാപ്രവർത്തകരും ബാൽക്കണിയിൽ നിന്നും ഒരു കയ്യടി അർഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button