KeralaLatest NewsNews

വിമാനത്താവളങ്ങളിൽ കെൽട്രോണിന്റെ ബാഗേജ് അണുനശീകരണ ഉപകരണം

തിരുവനന്തപുരം • സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജുകൾ അണുവിമുക്തമാക്കാൻ കെൽട്രോൺ അൾട്രാ വയലറ്റ് ബാഗേജ് ഡിസ്ഇൻഫെക്ടർ (യു വി ബാഗേജ് ഡിസ്ഇൻഫെക്ടർ) തയ്യാറാക്കി. ആദ്യ ഉപകരണം കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഉടൻ സ്ഥാപിക്കും. കോവിഡ് 19 നെ തുടർന്ന് വിദേശത്ത് നിന്ന് മലയാളികളെ വ്യാപകമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധം ശക്തമാക്കാനാണിത്.

വിദേശത്തുനിന്ന് ചൊവ്വാഴ്ച കണ്ണൂരിൽ എത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ബഗേജുകൾ അണുവിമുക്തമാക്കാൻ ഈ ഉപകരണം ഉപയോഗിച്ചു. ബാഗേജുകൾ ഉപകരണത്തിലെ ടണലിലൂടെ കടന്നുപോകുമ്പോൾ വിവിധ കോണുകളിൽ നിന്ന് അൾട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെ ബഗേജ് പൂർണ്ണമായും അണുവിമുക്തമാകും. ഇതിനു ശേഷമാണ് വിമാനത്താവളങ്ങളിലെ സാധാരണ എക്സ്‌റേ സ്‌കാനറുകളിലേക്ക് ബാഗേജ് എത്തുക. സ്വയംപ്രവർത്തിക്കുന്ന യു വി ബാഗേജ് ഡിസ്ഇൻഫെക്ടർ എയർപോർട്ടിലെ ബാഗേജ് റാമ്പിന്റെ സജ്ജീകരണങ്ങളുമായി അനായാസം കൂട്ടിയോജിപ്പിക്കാം. ഉപകരണത്തിന്റെ രൂപകൽപനയിലും സാങ്കേതികവിദ്യയിലും അവ സ്ഥാപിക്കുന്ന സ്ഥലങ്ങൾക്ക് അനുസരിച്ച് ക്രമീകരണം വരുത്താം.

കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ പൊതുമേഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് സി എസ് ഐ ആർ, ഐ എസ് ആർ ഒ, ഡി ആർ ഡി ഒ, എച്ച് എൽ എൽ, രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുമായി മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയും നടത്തി. ഇതുപ്രകാരം, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന നേവൽ ഫിസിക്കൽ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻപിഒഎൽ) യുമായി കെൽട്രോൺ ബന്ധപ്പെട്ടു. എൻ പി ഒ എല്ലിന്റെ സാങ്കേതിക സഹായത്തോടയാണ് യു വി ബാഗേജ് ഡിസ്ഇൻഫെക്ടർ നിർമിച്ചത്. അരൂരിലെ കെൽട്രോൺ കൺട്രോൾസ് യൂണിറ്റിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. വ്യാവസായികാടിസ്ഥാനത്തിൽ യു വി ബാഗേജ് ഡിസ്ഇൻഫെക്ടർ തയ്യാറാക്കാൻ കെൽട്രോണിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button