Latest NewsNewsIndia

അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയും ചൈനയും നേര്‍ക്കു നേര്‍ : കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ നീതിരഹിതമായ തീരുമാനം

ഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയും ചൈനയും നേര്‍ക്കു നേര്‍ . കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ ഈ കടന്നു കയറ്റം ചൈനീസ് പ്രസിഡന്റിന്റെ നീതിരഹിതമായ തീരുമാനമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇതാദ്യമായല്ല. എന്നാല്‍ ദോക്ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്.

Read Also : ഈ വര്‍ഷം ഇന്ത്യ ചൈനയെ പിന്നിലാക്കും- പുതിയ റിപ്പോര്‍ട്ട് പുറത്ത്

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവിഭാഗവും അതിര്‍ത്തിയില്‍ സൈനികവിന്യാസം വര്‍ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണു കാര്യങ്ങള്‍ മാറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനീസ് സൈന്യം പല മേഖലകളിലും ഇന്ത്യയുടെ സൈനികശക്തി പരീക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമായത്. നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്. മേയ് 9 ന് 15000 അടി ഉയരത്തില്‍ ടിബറ്റിനു സമീപത്തുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാനായിരുന്നു ചൈനീസ് നീക്കം. ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും നിരവധി സൈനികര്‍ക്കു പരുക്കേറ്റു.

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017 ല്‍ ദോക്ലയില്‍ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്ല. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജൂണ്‍ 16 ന് ഈ മേഖലയില്‍ റോഡ് നിര്‍മിച്ചതാണ് പ്രശ്നത്തിനു കാരണമായത്. ജൂണ്‍ 18 ന് ഓപ്പറേഷന്‍ ജുണിപെറിന്റെ ഭാഗമായി 270 ഇന്ത്യന്‍ സൈനികര്‍ രണ്ടു ബുള്‍ഡോസറുകളുമായി സിക്കിം അതിര്‍ത്തി കടന്ന് ദോക്ലയിലെത്തി. മേഖലയില്‍ റോഡ് നിര്‍മിക്കുന്നതിനെതിരെ ഭൂട്ടാനും രംഗത്തെത്തി. ഇതിനിടയില്‍ ദോക്ല ചൈനയുടെ ഭാഗമാണെന്നു കാട്ടുന്ന ഭൂപടം ചൈന പുറത്തുവിട്ടു. എന്നാല്‍ 2012-ലെ ധാരണ ലംഘിക്കുന്ന നടപടിയാണ് ചൈനയുടേതെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഒടുവില്‍ ഓഗസ്റ്റ് 28 ന് സൈനികരെ മേഖലയില്‍നിന്നു പിന്‍വലിക്കുന്നതായി ഇരുരാജ്യങ്ങളും അറിയിച്ചതോടെയാണ് സംഘര്‍ഷത്തിന് അറുതിയായത്.

2018 ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ചൈന വിദേശകാര്യ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയതെന്നാണു വിലയിരുത്തല്‍. ദക്ഷിണ ചൈനാക്കടലില്‍ കൃത്രിമ ദ്വീപ് നിര്‍മിക്കുന്നതു മുതല്‍ കോവിഡ് കാലത്ത് സൈനിക ശക്തി പ്രകടിപ്പിക്കുന്നതു വരെ മുഷ്‌ക് പിടിച്ച നിലപാടിലേക്കു ചൈന മാറി. ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യ കൂടുതല്‍ നിര്‍ണായക റോളിലേക്കു മാറുന്നതും അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതും ചൈനയുടെ നിലപാടു മാറ്റത്തിനു പിന്നിലുള്ള കാരണങ്ങളാകാമെന്നാണ് പ്രതിരോധ രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button