Latest NewsKeralaNews

പ്രബുദ്ധകേരളമെന്നു കൊട്ടിഘോഷിക്കപ്പെട്ട ഒരു സംസ്ഥാനത്ത് കോവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത് ചരിത്രമല്ല; മറിച്ച് നാണക്കേടായത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

Teaching Is A Passion Not A Profession. അദ്ധ്യാപനമെന്നതിനെ കേവലമൊരു തൊഴിലായി മാത്രം കാണാതെ അടങ്ങാത്ത അഭിനിവേഷമായി കാണുന്ന ഏതൊരാളും സായി ശ്വേത ടീച്ചറെ പോലെയാണ്. അങ്ങനെ കരുതുന്ന ഒരു അദ്ധ്യാപികയ്ക്കോ അദ്ധ്യാപകനോ മാത്രമേ തങ്കു പൂച്ചയിലൂടെയും മിട്ടു പൂച്ചയിലൂടെയും കുഞ്ഞുമനസ്സുകളിൽ സ്ഥാനം നേടാനും കഴിയും. ഭാരതീയ  സംസ്കാരത്തിന്റെ കാതലായ  സന്ദേശമാണ്  “മാതാ-പിതാ- ഗുരു-ദൈവം” എന്ന സങ്കൽപ്പം. ആ സങ്കല്പത്തെ നേരിയ തോതിലെങ്കിലും മനസ്സിലായവർക്ക് ഇന്നലെ വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മുന്നിൽ അതിലളിതമായി ക്ലാസ്സെടുത്ത ആ ടീച്ചറെ ട്രോളാനോ മോളുസ്, കുട്ടൂസ് തുടങ്ങി ദ്വയാർത്ഥവിളികളോടെ അധിക്ഷേപിക്കാനോ കഴിയില്ല.

ഇവിടെ ഒമാനിൽ ഒന്നരമാസത്തോളമായി ഓൺലൈൻ വഴി പുതിയ അധ്യയനവർഷം തുടങ്ങിയിട്ട്. ഞാനെന്ന അദ്ധ്യാപിക ഇവിടെ ഒമാനിൽ നിന്നും കഴിഞ്ഞ മാസം മുതൽ തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈനിലൂടെ അദ്ധ്യാപനം നടത്തുന്നുമുണ്ട്. ക്ലാസ്സ്റൂമുകളിൽ നിന്നും നേരിട്ട് കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്തുന്നതിനേക്കാൾ കൂടുതൽ പരിശ്രമവും തയ്യാറെടുപ്പും ഓൺലൈനിലൂടെ അദ്ധ്യാപനം നടത്നുമ്പോൾ നമുക്ക് ആവശ്യമുണ്ട്.കുട്ടികളുടെ മനസ്സിൽ ഓരോ ടോപിക് പ്രതി വരാനിടയുള്ള സംശയങ്ങളും മറ്റും മുൻകൂട്ടി കണ്ട് അതീവലളിതവും പഠനത്തോട് ഒട്ടും മടുപ്പും സ്ട്രെസ്സും വരാത്തവിധവും രസകരമായി വേണം ഓൺലൈനിലൂടെ ക്ലാസ്സെടുക്കേണ്ടത് . അത് ഒരു വീഡിയോ വഴിയാകുമ്പോൾ മുന്നിൽ കുട്ടികളുണ്ടെന്നു സങ്കല്പിച്ചുവേണം ക്ലാസ്സെടുക്കുവാൻ. അങ്ങനെ പല കടമ്പകളുണ്ട്. കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെടേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു.

പ്രബുദ്ധകേരളമെന്നു വാക്കിലും നോക്കിലും എടുപ്പിലും നടപ്പിലുമെല്ലാം കൊട്ടിഘോഷിക്കപ്പെട്ട ഒരു സംസ്ഥാനത്ത് കോവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ സംഭവിച്ചത് ചരിത്രമല്ല; മറിച്ച് നാണക്കേടായിരുന്നു. പ്രബുദ്ധ മലയാളിയുടെ ദുഷിച്ച മനസ്സിന്റെ പ്രതിഫലനം നമ്മൾ സോഷ്യൽമീഡിയയിലൂടെ കണ്ടു. ക്ലാസ്സ് തുടങ്ങിയ ദിനം തന്നെ കേരളാപോലീസിനു സോഷ്യൽ മീഡിയാ വഴി സാക്ഷരകേരളത്തിലെ പ്രബുദ്ധമലയാളിക്ക് താക്കീത് നല്കേണ്ടിയും വന്നു. വിദേശരാജ്യങ്ങളിലൊക്കെ എന്നോ മുതൽ തുടങ്ങിയ, ഗൾഫ് രാജ്യങ്ങളിലൊക്കെ കോവിഡ്-19 തുടങ്ങി കുറച്ചുനാളുകൾക്കുള്ളിൽ തുടങ്ങിയ, ഇന്ത്യയിലെ,കേരളത്തിലെ,തിരുവനന്തപുരത്തെ ഒട്ടുമിക്ക ICSC,CBSE മാനേജ്മെന്റ് സ്ക്കൂളുകളിലും കഴിഞ്ഞമാസം മുതൽക്കേ തുടങ്ങിയ ഒരു പ്രക്രിയ എന്തുകൊണ്ട് പ്രബുദ്ധകേരളത്തിൽ ഇന്നലെ തുടങ്ങിയ ദിനം തന്നെ വിഗ്രഹവത്ക്കരണത്തിന്റെയും മഹത്വവത്ക്കരണത്തിന്റെയും അപഹാസ്യത്തിന്റെയും നേർക്കാഴ്ചയായി മാറി? ആ ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരം!

ഗുരുപൂജ, ഗുരുവന്ദനം തുടങ്ങിയവ വെറും മൂന്നാംകിടസംസ്കാരത്തിന്റെ ഭാഗമെന്നും അദ്ധ്യാപനമെന്നത് വെറും തൊഴിൽ മാത്രമായി കാണണമെന്നും ഉദ്ഘോഷിക്കുന്നവർ ഇന്നലെ ഇവിടെ തുടങ്ങിയ ഓൺലൈൻ അദ്ധ്യാപനരീതിയെ പർവ്വതീകരിച്ച്, അദ്ധ്യാപകരെ ഗ്ലോറിഫൈ ചെയ്തതിനു പിന്നിലെ പക്കാരാഷ്ട്രീയം മാത്രമാണ് ഈ നാണക്കേടിനു കാരണം. ഇന്ന് മോണ്ടിസോറി ട്രെയിനിങ്ങിൽ തുടങ്ങി എം.എഡ് വരെയുള്ള അദ്ധ്യാപനപരിശീലനത്തിന്റെ ഏണിപ്പടികളിലും പ്രൊഫഷണൽ ഡവലപ്മെന്റ് സെഷനുകളിലുമെല്ലാം പറയുന്ന ബേസിക് കൺസപ്റ്റ് ഒന്ന് മാത്രമാണ് ഹോളിസ്റ്റിക് അദ്ധ്യാപനരീതി. ആ രീതിയിൽ ക്ലാസ്സെടുക്കുന്നവരാണ് ഇന്നത്തെ അദ്ധ്യാപകർ. വടിയും ചാക്കോമാഷുമൊക്കെ എന്നേ അന്യം നിന്ന പുതിയ അദ്ധ്യാപനരീതിയിൽ മാറുന്ന കാലത്തിനനുസരിച്ച്‌ ചുവടുമാറിയ അദ്ധ്യാപനരീതിയെ ഭംഗിയായി അവതരിപ്പിച്ച സായി ശ്വേത ടീച്ചർ അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നുകരുതി വല്ലാതെ ഗ്ലോറിഫൈ ചെയ്തു രൂപക്കൂട്ടിനുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നത് ആ നോബിൾ പ്രൊഫഷനെ അപമാനിക്കുന്നതിനു തുല്യമാണ്. കോവിഡ് -19എന്ന മഹാമാരിക്ക് എന്ന് ഒരു അറുതിയുണ്ടാവുമെന്ന് ഒരു രൂപവുമില്ല. അതുവരേയ്ക്കും വിക്ടേഴ്സ് ചാനലുവഴി അറിവ് പകരേണ്ടവരാണ് സായ്ശ്വേതമാർ. അവർ അവരുടെ വഴി ഭംഗിയായി തുടരട്ടെ. നമ്മുടെ കുഞ്ഞുങ്ങൾ അവർ പകർന്നു തരുന്ന അറിവും നേടട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button