Latest NewsNewsIndia

തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണത്തില്‍ മികവ് തെളിയിച്ച് പൊലീസ്

തലയില്ലാതെ കിട്ടിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പോലീസ് സംസ്‌ക്കരിച്ചിരുന്നു

ലഖ്‌നൗ: തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ മികവ് തെളിയിച്ച് യു പി പൊലീസ്. പ്രതികളെ പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി യാതൊരു തുമ്പും കിട്ടാതിരുന്ന കേസ്സാണ് തെളിഞ്ഞത്. ആറു പ്രതികളെയാണ് പോലീസ് പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ നമ്പറുകളിലൂടെയാണ് കൊലപാതകികളെ കണ്ടെത്തിയത്. അമനെന്ന കള്ളപ്പേരില്‍ ലുധിയാനയില്‍ കച്ചവടം നടത്തിയിരുന്ന ഷാഖിബാണ് മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടിയെ നാട്ടിലെത്തിച്ച് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മീറഠ് ജില്ലയിലെ ലോഹിയ ഗ്രാമത്തിലെ ഒരു വയലിലാണ് 2019 ജൂണ്‍ 14ന് മൃതദേഹം കണ്ടെത്തിയത്. തലയില്ലാതെ കിട്ടിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പോലീസ് സംസ്‌ക്കരിച്ചിരുന്നു. കൊലപാതകത്തിന്റെ തുമ്പ് കിട്ടാനായി പോലീസ് ആ ഗ്രാമത്തിലെ മുഴുവന്‍ മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

ഗ്രാമത്തിന് പുറത്തേക്ക് ജോലി ചെയ്യാന്‍ പോയവരെ കേന്ദ്രീകരിച്ച അന്വേഷമാണ് ലുധിയാനയിലെത്തിച്ചത്. അവിടത്തെ കാണാതായവരുടെ പട്ടികയില്‍ നിന്നും ഒരു ബി.കോം വിദ്യാര്‍ത്ഥിനിയുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് കൊലപാതകം സ്ഥിരീകരിക്കുകയും പ്രതികളെ പിടിക്കുകയുമായിരുന്നു.

അമനെന്ന ഷാഖിബിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കൈവശം ആഭരണങ്ങളുമുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ മൊഴിനല്‍കി. ഒളിച്ചോടി ഒരു മാസം താമസിച്ചശേഷമാണ് കൊലനടന്നത്. അമന്‍ ഷാഖിബ് ആണെന്ന് മനസ്സിലാക്കിയതോടെ ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

ശീതളപാനീയത്തില്‍ വിഷം നല്‍കി കൊന്നശേഷം ആളറിയാതിരിക്കാന്‍ തലയറുത്തു മാറ്റിയെന്നും കൈപ്പത്തികള്‍ വികൃതമാക്കിയെന്നും എസ്.പി. അജയ് സാഹ്നി വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ കയ്യില്‍ അവളുടെ പേരും അമന്റെ പേരും പച്ചകുത്തിയതും കേസ്സിന് വഴിത്തിരിവായി. പിടികൂടുന്നതിനിടയില്‍ പോലീസിനെ ആക്രമിച്ച പ്രതിയെ കാലിന് വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഷാഖിബിന്റെ കുടുബത്തിനെതിരെ സംഭവം മറച്ചുവച്ചതിന്റെ പേരില്‍ കേസ്സെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button