Latest NewsNewsIndia

മുംബൈയില്‍ ദുരിതം അനുഭവിയ്ക്കുന്നത് ആയിരക്കണക്കിന് മലയാളികള്‍ … നോര്‍ക്ക ഒഴിച്ച് ബാക്കി സാംസ്‌ക്കാരിക-രാഷ്ട്രീയസംഘടനകള്‍ സഹായിക്കുന്നത് കൊടികളുടേയും മതങ്ങളുടേയും അടിസ്ഥാനത്തില്‍ .. മഹാരാഷ്ട്ര രാജ്ഗഡ് ബിജെപി ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് ദുരിതം അനുഭവിയ്ക്കുന്നത്. ഇവരെ സഹായിക്കുന്നതിന് അവിടുത്തെ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. സര്‍ക്കാറിന്റെ നോര്‍ക്ക മാത്രമാണ് ഇവര്‍ക്ക് ആശ്രയം. എന്നാല്‍ ആഘോഷ വേളകള്‍ പൊടി പൊടിയ്ക്കുന്ന മലയാളി കൂട്ടായ്മകളോ മറ്റ് സാസ്‌ക്കാരിക സംഘടനകളെയോ ഇപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ കാണുന്നില്ല. മഹാരാഷ്ട്ര രാജ്ഗഡ് ബിജെപി ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലിയുടെ പോസ്റ്റ് വൈറലാകുന്നു

 

Read Also : പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി : കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറയ്ക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുംബൈ മലയാളികളുടെ രക്ഷകര്‍ ആര്?

പ്രതിസന്ധിയിലും ദുരിതത്തിലും അകപ്പെടുന്ന മുംബൈ മലയാളികളെ യഥാര്‍ത്ഥത്തില്‍ ആരു രക്ഷിക്കും. ആരിലൊക്കെയാണ് അവര്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയുക. രക്ഷാ ദൗത്യത്തിലുപരി പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും സംരക്ഷിക്കാനായി നിലകൊള്ളുന്നത് ആരൊക്കെ. മഹാരാഷ്ട്രയിലുള്ള മലയാളികള്‍ സാമാന്യമായി ചിന്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് മുകളില്‍ പറഞ്ഞവ. കൊറോണ ബാധയെ തുടര്‍ന്ന് മഹാരാഷ്ട്ര അടച്ചിട്ടിട്ട് ഇന്നേക്ക് 75 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്നു.

മറ്റുള്ളവര്‍ക്കൊപ്പം വളരെയേറെ ദുരിതക്കയത്തില്‍ കഴിഞ്ഞു കൂടിയവരാണ് മലയാളി സമൂഹവും. അവരുടെ രക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളാണ് നോര്‍ക്കയും, ലോക കേരള സഭയും, കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇവരുടെയൊക്കെ പ്രവര്‍ത്തനം ഏതു തരത്തിലായിരുന്നുവെന്ന് നടന്ന എല്ലാ സംഭവങ്ങളുടെയും അടിസ്ഥാത്തില്‍ ശരാശരി മലയാളികള്‍ വിലയിരുത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുഭാഗത്തുനിന്നും പതിക്കുമ്പോള്‍ രക്ഷപ്പെടാന്‍ ചില താല്‍ക്കാലിക ശ്രമങ്ങള്‍ ഈ സംഘടനകളൊക്കെ ചെയ്യാറുണ്ട്. ഇവര്‍ക്ക് ആത്മാര്‍ത്ഥത ലവലേശമില്ലെന്ന് തറപ്പിച്ചു പറയേണ്ടിവരും. പലതവണ വ്യക്തമായി ഇവരെ ചൂണ്ടിക്കാണിച്ചതാണ് മുംബൈയിലെ മുതിര്‍ന്ന സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരെയെല്ലാം ഒരുമിച്ചുകൂട്ടി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ ശ്രമം നടത്തണമെന്ന്. അവരെയൊക്കെ മനപ്പൂര്‍വ്വം ഒഴിച്ചു നിര്‍ത്താനല്ലാതെ നാളിതുവരെ ഇത്തരത്തില്‍ ഒരു ശ്രമവും ഇവരാരും നടത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ പ്രവര്‍ത്തകരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താമായിരുന്നു. അങ്ങനെ ശ്രമിച്ചാല്‍ തങ്ങള്‍ കൈപ്പിടിയിലൊതുക്കി വെച്ചിരിക്കുന്നത് പലതും ആരെങ്കിലും കൊണ്ടു പോകുമെന്ന ഭയമാണോ?. അതോ തങ്ങളുടെ സ്ഥാനത്തിനു മുകളില്‍ അവരൊക്കെ പ്രതിഷ്ഠിക്കപ്പെടുമെന്ന ആധിയോ?. അതോ തങ്ങള്‍ ഇതുവരെ ഒളിപ്പിച്ചു വച്ചിരുന്ന പുകമറ ഒഴിവായി സത്യം വെളിപ്പെടുത്തുന്ന ഭീതിയോ?.

മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് മതേതര സംഘടനകളുടെ ലക്ഷ്യമാണ് പോലും. ഏതൊക്കെയാണ് മതേതരം. ഏതാണ് മതേതരമല്ലാത്തത്?. ഇവിടുത്തെ പള്ളി കമ്മിറ്റികളെയും അമ്പല കമ്മിറ്റികളെയും നിങ്ങള്‍ക്ക് ആവശ്യമല്ലേ?. ധാരാളം വരുന്ന സാമുദായിക സംഘടനകളെ നിങ്ങള്‍ ഒഴിച്ചു നിര്‍ത്തുമോ?. മതാടിസ്ഥാനത്തില്‍ പൊതുസമൂഹത്തിനിടയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുംബൈയ്ക്ക് ആവശ്യമില്ലേ?. അത്യാവശ്യഘട്ടത്തില്‍ മലയാളികളുടെ രക്ഷയ്ക്കായി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ നിങ്ങള്‍ക്ക് ചവിട്ടി പുറത്താക്കണമോ?. ഇവരെയൊക്കെ ഒഴിവാക്കി പിന്നീട് ആരെയൊക്കെ ചേര്‍ത്താണ് നിങ്ങള്‍ മുംബൈ മലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്?. (പ്രതിഷേധം ശക്തമായപ്പോള്‍ മേല്‍പ്പറഞ്ഞ സംഘടനകളിലെ, തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന ഉറപ്പുള്ള ചിലരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു ) ഉത്തരം വ്യക്തം. മകന്റെ കണ്ണുപോയാലും മരുമകളുടെ കണ്ണീര്‍ കാണണമെന്ന ചില കുബുദ്ധി അമ്മായിയമ്മമാരുടെ സ്വഭാവമാണ് ഈ സംഘടനകള്‍ക്കുള്ളത്. സര്‍ക്കാര്‍ പ്രസ്ഥാനമായ നോര്‍ക്കയെ ഒഴിച്ചുനിര്‍ത്തിയാല്‍, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിനും കൊടിയുടെ നിറത്തിനും വേണ്ടിയുമാണ്. നിങ്ങള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നതെല്ലാം തുടര്‍ന്നും സംരക്ഷിച്ചു നിലനിര്‍ത്താനാണ്. അതല്ല മലയാളികളുടെ സുരക്ഷയായിരുന്നു ലക്ഷ്യമെങ്കില്‍ പാര്‍ട്ടിയും സംഘടനയും കൊടിയും നിറവും വര്‍ഗ്ഗവും വര്‍ണ്ണവും സമുദായവും ഒഴിവാക്കി എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ടുപോകുമായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആരും നിങ്ങള്‍ക്കെതിരെ നില്‍ക്കുകയോ നേതൃത്വം അവകാശപ്പെടുകയോ ചെയ്യുമായിരുന്നില്ല. സ്വാഭാവികമായും അത് നിങ്ങളില്‍ത്തന്നെ വന്നുചേരുമായിരുന്നു.പക്ഷേ നിങ്ങള്‍ക്ക് ആവശ്യം അതല്ലല്ലോ.
ഒഴിച്ചു നിര്‍ത്തപ്പെട്ട മതസ്ഥാപനങ്ങളോടും സാമുദായിക സംഘടനകളോടും ഒരപേക്ഷയുണ്ട്. നിങ്ങളുടെ സുരക്ഷ നിങ്ങളുതന്നെ കണ്ടെത്തുക. അടിയന്തര ഘട്ടത്തില്‍ സഹായം ലഭിക്കുമെന്ന് ഉറപ്പുള്ള ആരോടായാലും സഹായമഭ്യര്‍ത്ഥിച്ച് നേടിയെടുക്കുക. നിങ്ങളെയൊന്നും രക്ഷിക്കാന്‍ ആരും വരില്ല. പ്രത്യേകിച്ച് മതേതരത്വത്തിന്റെ മേലങ്കിയണിയുന്ന സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button