KeralaLatest NewsNews

‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’ നിർവഹണത്തിൽ ഒന്നാമത് കേരള ബാങ്ക്

കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി’ നിർവഹണത്തിൽ കേരള ബാങ്ക് ഒന്നാം സ്ഥാനത്ത്. ഇതുവരെ 85864 കുടുംബശ്രീ യൂണിറ്റുകൾക്ക് കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും സഹായ ഹസ്തം നീട്ടി. ദേശസാൽകൃത ബാങ്കുകളെ ഉൾപ്പെടെ പിന്നിലാക്കി, രണ്ടാം സ്ഥാനത്തുള്ള ബാങ്കിനേക്കാൾ അമ്പതിനായിരത്തോളം അധികം യൂണിറ്റുകൾക്കാണ് കേരള ബാങ്ക് സഹായം നൽകിയത്. ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’യിൽ ഇതുവരെ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍ നിന്നും 2,37,392 അയല്‍ക്കൂട്ടങ്ങള്‍ക്ക് 1371 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുള്ളത്.

കോവിഡ് കാലത്ത് സാധാരണക്കാർക്കും കർഷകർക്കും പ്രവാസി കുടുംബങ്ങൾക്കും അതിജീവനത്തിന്റെ പാതയൊരുക്കാൻ ഒട്ടേറെ വായ്പാ പദ്ധതികളാണ് കേരള ബാങ്ക് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രവാസി കുടുംബങ്ങളെ സഹായിക്കാനായി ആവിഷ്കരിച്ച സ്വർണ വായ്പാ പദ്ധതിയായ പ്രവാസി ഗോൾഡ് ലോൺ സ്കീമിലൂടെ ഇതിനകം 12 കോടി രൂപ നൽകി കഴിഞ്ഞു. 3 ശതമാനം പലിശ നിരക്കിൽ പരമാവധി 50000 രൂപ വരെയാണ് ഈ പദ്ധതിയിൽ നൽകുന്നത്.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക വൈഷമ്യതകൾ മറികടക്കാൻ നബാർഡിന്റെ ധനസഹായത്തോടെ കൃഷിക്കും കാർഷിക അനുബന്ധ ആവശ്യങ്ങൾക്കുമായി 1500 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യുന്നതിനൊപ്പം തന്നെ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് കേരള ബാങ്കിന്റെ ശാഖകൾ മുഖേന 480 കോടി രൂപയും കർഷകർക്ക് വിവിധ വായ്പകളായി നൽകി കഴിഞ്ഞു.

നോർക്ക റൂട്ട്സുമായി സഹകരിച്ച് പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ മൂലധന സഹായം നൽകുന്നതിനായി പ്രവാസി കിരൺ വായ്പാ പദ്ധതിയും നടപ്പിലാക്കി വരുകയാണ്. 30 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകൾക്ക് ഈ സഹായം ലഭ്യമാണ്.

ഗ്രാമീണ മേഖലയുടെ പുരോഗതി ലക്‌ഷ്യം വെച്ച് അയൽക്കൂട്ടങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും വായ്പ നൽകുന്ന മൈക്രോഫിനാൻസ് സംവിധാനത്തിലൂടെ 2020-21 സാമ്പത്തിക വർഷം 146 കോടി രൂപയാണ് കേരള ബാങ്ക് വിതരണം ചെയ്തത്.

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ വരുന്ന കർഷകർക്ക് പലിശ ഇളവോടു കൂടി 4 ശതമാനം പലിശ നിരക്കിൽ കാർഷിക വായ്പ നൽകുന്ന കിസാൻ മിത്ര പദ്ധതിയിലൂടെ 150 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട്. സാധാരണ സ്വർണ വായ്പ പദ്ധതിയിലൂടെ 230 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇതുവരെ അനുവദിച്ചത്.

നബാർഡിന്റെ ധനസഹായത്തോടെ കർഷകർക്ക് 60 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന ‘ദീർഘകാല കാർഷിക വായ്പകൾ, ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും ഒരു കോടി രൂപ വരെ 8.75 ശതമാനം പലിശനിരക്കിൽ വായ്പ നൽകുന്ന MSME വായ്പ പദ്ധതി, ചെറുകിട വ്യാപാരികൾക്കും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും സംരംഭങ്ങൾ തുടങ്ങാൻ MSME സുവിധ പദ്ധതി, കുറഞ്ഞ പലിശനിരക്കിൽ ഭാവന വായ്പ പദ്ധതി, സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർക്ക് വ്യക്തിഗത മോർട്ട്ഗേജ് വായ്പ, സർവീസ് പെൻഷൻകാർക്ക് ഒരു ലക്ഷം രൂപയുടെ പെൻഷണർ വായ്പ പദ്ധതി എന്നിങ്ങനെ മറ്റനേകം വായ്പ പദ്ധതികളും കേരള ബാങ്ക് നടപ്പിലാക്കുന്നുണ്ട്.

ഒരുലക്ഷം കോടി രൂപയുടെ ബിസിനസ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനകാര്യ സ്ഥാപനമായ കേരള ബാങ്കിൽ 40000 കോടി രൂപ വിവിധ വായ്പ പദ്ധതികളിലൂടെ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 500 കോടി രൂപയാണ് സ്വർണപ്പണയ വായ്പയായി നൽകിയത്.

കോവിഡ് കാലത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും ഒരിക്കൽ കൂടി കേരളത്തിന്റെ സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും കേരള ബാങ്ക് ശക്തി പകരും. ഗ്രാമീണ സമ്പാദ്യമുൾപ്പെടെ സംസ്ഥാനത്തിലെ മുഴുവൻ വിഭവങ്ങളും പൂർണമായി നമ്മുടെ സംസ്ഥാനത്ത് തന്നെ വിനിയോഗിക്കാൻ കേരള ബാങ്കിലൂടെ കഴിയും. ഇടപാടുകാർക്ക് കുറഞ്ഞ ചെലവിലും ഹിഡൻ ചാർജുകൾ ഇല്ലാതെയും കേരള ബാങ്കിലൂടെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button