KeralaLatest NewsNews

നിയമനം ചട്ടവിരുദ്ധമെന്ന് ഹൈകോടതി ; പൂക്കോട് യൂണിവേഴ്സിറ്റിയിലെ 7 അസിസ്റ്റന്‍റ് പ്രഫസർമാരെ ജോലിയിൽ നിന്നും നീക്കി

വൈത്തിരി : പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റിയിലെ 7 അസിസ്റ്റന്‍റ് പ്രഫസർമാരെ ജോലിയിൽ നിന്നും നീക്കി. നിയമനം ചട്ടവിരുദ്ധമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡോ. സ്മിത ജെ.പി, ഡോ. സുനന്ദ സി, ഡോ. ജിയോ ജോസഫ്, ഡോ. ദീപ ചിറയത്ത്, ഡോ. ദിലീപ്കുമാർ കെ.എം, ഡോ. ഷിബു കെ. ജേക്കബ്, ഡോ. സുൾഫിക്കർ എന്നിവരെ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പിരിച്ചുവിട്ടത്. മെയ് 24 നാണ് ഹൈകോടതിയുടെ ഉത്തരവ് വന്നത്.

2014 ജൂൺ മാസത്തിൽ ഇവർക്ക് നിയമന ഉത്തരവ് നൽകുമ്പോൾ പ്രായപരിധി കഴിഞ്ഞിരുന്നുവെന്ന് കാണിച്ച് റാങ്ക്ലിസ്റ്റിലുള്ളവർ നൽകിയ ഹരജി പരിഗണിച്ച കോടതി 2018 മെയ് മാസത്തിൽ നിയമനം സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കണ്ടെത്തിയിരുന്നു. അധ്യാപകർ നൽകിയ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് ഇക്കഴിഞ്ഞ മെയിൽ കോടതി ഉത്തരവായത്. വയസിളവ് സംബന്ധിച്ച നിബന്ധനകൾ സർവകലാശാലയുടെ നിയമ സംഹിത അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി.

സർവകലാശാലയുടെ നിയമാവലിയിലെ 149 ഖണ്ഡികയിൽ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഇത് നിയമന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി കണ്ടെത്തി.  ഇവ സർവകലാശാലയുടെ നിയമാനുസൃതമായ അധികാര പരിധിക്ക് പുറത്താണെന്നും കോടതി നിരീക്ഷിച്ചു.

shortlink

Post Your Comments


Back to top button