KeralaLatest NewsNews

ഇല്ലിക്കൽക്കല്ലിന് കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം: മന്ത്രി കടകംപള്ളി

പാലാ: കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഇല്ലിക്കൽക്കല്ല് സ്ഥാനം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇല്ലിക്കൽക്കല്ലിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന ടൂറിസം വകുപ്പ് നടപ്പാക്കുന്ന മൂന്നു കോടി രൂപയുടെ വികസന പദ്ധതിയുടെ നിർമ്മാണോൽഘാടനം വീഡിയോ കോൺഫ്രൻസിലൂടെ  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. പാലാ മണ്ഡലത്തിൻ്റെ എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ചാഴികാടൻ എം പി, ജില്ലാ കളക്ടർ എം അഞ്ജന, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രേംജി, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് ബാബു, പഞ്ചായത്ത് മെമ്പർ ഷാജി ജോൺ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡിറ്റിപിസി സെക്രട്ടറി ഡോ ബിന്ദുനായർ, ഉണ്ണി മുട്ടത്ത്  തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ടൂറിസം കേന്ദ്രത്തിലെ മുഖ്യ ആകർഷക കേന്ദ്രമായി ഇല്ലിക്കൽക്കല്ല് മാറുമെന്ന് മാണി സി കാപ്പൻ എം എൽ എ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന് കൈമാറിയ 50 സെൻ്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രവേശനകവാടം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കഫറ്റേരിയാ, കോട്ടേജുകൾ, ഷോപ്പുകൾ, വ്യൂ പോയിൻ്റ്, നടപ്പാത, ടോയിലറ്റ് സമുച്ചയം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ക്രമീകരിക്കും.

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇപ്പോൾ ഇല്ലിക്കൽക്കല്ല്. പദ്ധതി പൂർത്തിയാകുമ്പോൾ സിനിമ, സീരിയൽ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ഇല്ലിക്കൽക്കല്ല് വേദിയാകുന്നതോടെ കൂടുതൽ ശ്രദ്ധാകേന്ദ്രമാകുമെന്നും എം എൽ എ പറഞ്ഞു.

shortlink

Post Your Comments


Back to top button