Latest NewsNewsIndia

ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മൃതദേഹം അവഗണിക്കപ്പെട്ട് കിടന്നത് മൂന്ന് മണിക്കൂറോളം ; പ്രതിഷേധവുമായി പ്രദേശവാസികൾ

ബംഗളൂരു : കൊറോണ ബാധിച്ച് മരിച്ചെന്ന് സംശയിക്കപ്പെടുന്ന ആളുടെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്തതിൽ കര്‍ണാടകയിൽ വൻ പ്രതിഷേധം. ഹവേരി ജില്ലയിലാണ് സംഭവം നടന്നത്.  ഇവിടെ റാണെബെണ്ണൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഒരു ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മൂന്ന് മണിക്കൂറോളമാണ് മൃതദേഹം അവഗണിക്കപ്പെട്ട് കിടന്നത്. ഇതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയ്ത.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. മാരുതി നഗർ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കടുത്ത പനിയെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 28ന് ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം അന്ന് മടക്കി അയച്ചു. ശനിയാഴ്ച പതിനൊന്ന് മണിയോടെ ഇയാൾ പരിശോധനഫലം വാങ്ങാനെത്തി. റിസൾട്ട് വരാൻ വൈകുമെന്നറിഞ്ഞതോടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വന്നിരിക്കുകയായിരുന്നു. എന്നാൽ അൽപസമയത്തിനകം ഇദ്ദേഹം ഇവിടെ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആളുകൾ വിവരമറിയിച്ചതനുസരിച്ച് ആശുപത്രി അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം അവിടെവച്ച് തന്നെ പിപിഇ കിറ്റിൽ പൊതിഞ്ഞു. മോർച്ചറിയിലേക്ക് മാറ്റുന്നതിന് പകരം അവിടെത്തന്നെക്കിടത്തി പോവുകയായിരുന്നു.

എന്നാൽ പിപിഇ കിറ്റിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയിൽ വൈറലായതോടെ ആശുപത്രി ജീവനക്കാർ മടങ്ങിയെത്തി മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി. സംഭവം പ്രതിഷേധവും വിവാദവും ഉയർത്തിയതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഒരു സംഭവം നടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ രാജേന്ദ്ര ദൊഡ്ഡാമണി സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button