COVID 19KeralaLatest NewsNews

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം • സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്.

കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്നാനിയിലെ ട്രിപ്പിൽ ലോക്ക്ഡൗൺ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവിടെ ജാഗ്രത തുടരണം. കണ്ടെയ്ൻമെന്റ് സോണിന്റെ എല്ലാ കാർക്കശ്യത്തോടെയുമുള്ളള സമീപനം ഉണ്ടാവണം.

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ പലതിന്റേയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റും നിരവധി ഓഫീസുകളും ഉളള ഇവിടെ പല സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ വരുന്നത്. അവർക്ക് രോഗം വന്നാൽ വളരെപ്പെട്ടെന്ന് പല സ്ഥലങ്ങളിലേക്ക് ബാധിക്കും. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ടു പോയെന്നുവരും. അതിനാലാണ് സമൂഹവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ട്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രോഗം ബാധിച്ചവരെ കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. പൂന്തുറ, വലിയതുറ, ഫോർട്ട്, ആറ്റുകാൽ, മണക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇതിൽ പോസിറ്റീവായ കുറച്ചു പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ ക്വാറന്റൈനിലാക്കി. ഈ മേഖലയിൽ രോഗലക്ഷണം കാണുന്ന എല്ലാവരെയും പരിശോധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവ്, മത്സ്യക്കച്ചവടക്കാർ, ഭക്ഷ്യവിതരണക്കാർ തുടങ്ങിയവരെ പരിശോധിക്കും.

മേയ് മൂന്നുവരെ 17 പേർക്കായിരുന്നു തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. ഇതിൽ 12 പേർ കേരളത്തിന് പുറത്ത് നിന്ന് വന്നതും അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായിരുന്നു. മേയ് നാലു മുതൽ ഇതുവരെ 277 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 216 പേർ കേരളത്തിന്പുറത്തു നിന്ന് വന്നവരാണ്. 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. മണക്കാട്, പൂന്തുറ ഭാഗങ്ങളിൽ നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ. അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുമതി നൽകും. മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളെ നഗരത്തിലെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതു പോലെയുള്ള കാര്യങ്ങളാണ് അനുവദിക്കുക. പലചരക്കു കടകൾക്ക് രാവിലെ ഏഴു മുതൽ രാവിലെ 11 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. സാധനം വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മംഗലാപുരത്തേക്കും തിരികെയും ദിവസേനയുളള യാത്ര അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് ദിവസവും പോകുന്നവർ മാസത്തിൽ ഒരു തവണ മാത്രം അതിർത്തി കടക്കുന്ന വിധത്തിൽ ക്രമീകരിക്കണം. ഐ.ടി മേഖലയിൽ മിനിമം പ്രവർത്തനം അനുവദിക്കും. തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണും. മന്ത്രിമാരുടെ ഓഫീസുകൾ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.

രോഗം ഭേദമായവർ ഡിസ്ചാർജായ ശേഷം ഉടൻ തന്നെ സമൂഹത്തിൽ സ്വതന്ത്രമായി സഞ്ചരിക്കരുത്. കുറച്ചു ദിവസം വീട്ടിൽ തന്നെ കഴിയണം. മരണമടഞ്ഞവരുടെ പരിശോധന വേഗം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close