KeralaLatest NewsNews

സ്വർണ്ണക്കടത്ത്: എം.ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

നേരത്തെ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. നേരത്തെ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്തബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു.

നടപടിക്ക് പിന്നാലെ ശിവശങ്കർ 6 മാസത്തെ അവധിക്ക് അപേക്ഷ നൽകി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ശിവശങ്കർ അവധിയിൽ പോകുന്നതെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ ശിവ ശങ്കറിനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യാനുളള സാധ്യതയുണ്ട്. സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്.

അതേസമയം, സെക്രട്ടറിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ശരി വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇപ്പോൾ നടപടിക്ക് കാരണം മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം മൂലമാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികളെ സംരക്ഷിക്കാൻ സെക്രട്ടറി ശ്രമിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇത്തരം അവതാരങ്ങൾ എങ്ങനെ തന്റെ ഓഫീസിൽ എത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button