KeralaLatest NewsNews

കോവിഡിലും കാരുണ്യം വറ്റാത്ത സുപ്രിയയ്ക്ക് ആദരവുമായി യുവമോര്‍ച്ച

ഈ കോവിഡ് കാലത്ത് ഏവരെയുടെയും മനംകവര്‍ന്ന നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അന്ധനായ ഒരു വയോധികനെ ബസ്സു കയറ്റി വിട്ട ജോളി സില്‍ക്‌സിലെ സെയില്‍സ് ഗേളായ സുപ്രിയയാണ് ഇന്ന് ഏവരുടെയും മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്തും കാരുണ്യം വറ്റാത്തവരുണ്ട് എന്ന് തെളിയിച്ച സുപ്രിയയ്ക്ക് ആദരവുമായി യുവമോര്‍ച്ച രംഗത്തെത്തി.

ജോളി സില്‍ക്‌സില്‍ വച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.ബനിതിഷ്, യുവമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജിഷ്ണു മോഹന്‍, ഉപാധ്യക്ഷന്‍ രാജീവ് പരിയാരത്ത്മല തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ സുപ്രിയയ്ക്ക് ഒരു ഉപഹാരം സമ്മാനിച്ചാണ് യുവമോര്‍ച്ച ആദരിച്ചത്.

പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭര്‍ത്താവിനെ കാത്തുനില്‍ക്കുമ്പോഴാണ് കയ്യില്‍ ഒരു വടിയും പിടിച്ച് ഒരു വൃദ്ധന്‍ വാഹനങ്ങള്‍ പായുന്ന റോഡിന്റെ നടുക്ക് കൂടി നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വാഹനങ്ങള്‍ അയാളെ തൊട്ടുതൊട്ടില്ല എന്ന തരത്തില്‍ കടന്നുപോകുന്നു. കാഴ്ചയില്ലെന്ന് വ്യക്തം. മറ്റാരും അയാളെ കൈപിടിക്കാനും തയാറാകുന്നില്ല. ഈ അവസരത്തിലായിരുന്നു മറ്റൊന്നും ചിന്തിക്കാതെ റോഡിന്റെ നടുവില്‍ നിന്ന ആ മനുഷ്യനെ കൈപിടിച്ച് റോഡിന് ഇപ്പുറത്ത് എത്തിച്ചു.

പിന്നീട് എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി. അച്ഛന്റെ പ്രായമുള്ള ആ വയോധികനെ അച്ഛാ എന്ന് അഭിസംബോധന ചെയ്ത് തന്നെ സുപ്രിയ കാര്യങ്ങള്‍ തിരക്കി. ഭര്‍ത്താവ് വരാന്‍ ഇനിയും സമയമുണ്ട് എന്നതിനാല്‍ തന്നെ ബസ് കയറ്റി വിടാന്‍ തയ്യാറായി നിന്ന സുപ്രിയയ്ക്ക് മുന്നിലൂടെ ഒരു കെഎസ്ആര്‍ടിസി പോയത്. വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിച്ചപ്പോള്‍ ഡ്രൈവര്‍ കുറച്ച് മുന്നോട്ട് പോയി ബസ് നിര്‍ത്തി. തുടര്‍ന്ന് അച്ഛന്‍ ഇവിടെ നില്‍ക്ക്, ഞാനൊന്നു പോയി ചോദിച്ചിട്ടുവരാം എന്ന് ആ വൃദ്ധനോട് പറഞ്ഞശേഷം സുപ്രിയ ബസിനടുത്തേക്ക് ഓടി. ബസ് എവിടേക്കാണ് എന്ന് തിരക്കിയ ശേഷം കണ്ടക്ടറോട് പോകരുതെന്ന് പറഞ്ഞ് വൃദ്ധന്റെ അടുത്തേക്ക് ഓടി പോയി അയാളുടെ കൈയും പിടിച്ച് ബസിനടുത്തെത്തി ബസ് കയറ്റി വിട്ടു.

എന്നാല്‍ ഇതെല്ലാം ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സുപ്രിയ തരംഗമായി. ഈ കോവിഡില്‍ പരസ്പരം ഇടപഴകാന്‍ പോലും പേടിക്കുന്നവര്‍ക്കു മുന്നിലേക്ക് നന്മയുടെ പ്രതിരൂപമായി സുപ്രിയ മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button