KeralaLatest NewsNews

പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീരുമാനത്തിൽ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്‍റെ അവകാശം സംരക്ഷിച്ച് സുപ്രീംകോടതിയിൽ നിന്നുണ്ടായ തീരുമാനത്തിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിച്ചു. സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്ന വരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നാണ് രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം.

വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.

ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കൽ, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത് .ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബർ 18 ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി.പി. സുന്ദരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകൾ തുറന്ന് ആഭരണങ്ങൾ അടക്കം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയിൽ സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് എ, ബി നിലവറകൾ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിവിധ സമിതികൾ ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റും കണക്കെടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ പ്രകാരം ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. 9 വർഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹർജിക്കാരിൽ ഒരാളായ ടി.പി. സുന്ദർരാജനും ക്ഷേത്രത്തിനായി കേസു നൽകിയ മാർത്താണ്ഡവർമ്മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രൻ, എ.കെ. പട്നായിക്, ആർ.എം. ലോധ, കെഹാർ, ടി.എസ് താക്കൂർ, ബോംബ്‌ഡെ തുടങ്ങിയ ജഡ്ജിമാർ മാറുകയും ചെയ്തു.

കേസിന്റെ തുടക്കത്തിൽ രാജകുടുംബത്തിനായി ഹാജരായത് ഇപ്പോഴത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ്. സുപ്രീംകോടതി അഭിഭാഷകരായ വിപിൻ നായരും പി.ബി.സുരേഷുമാണ് വിശ്വാസികൾക്കായി ഹാജരായത്. യു.യു. ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് 25 ദിവസം അന്തിമവാദം കേട്ട ശേഷമാണ് 2019 ഏപ്രിൽ 10ന് കേസ് വിധി പറയാൻ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button