CricketLatest NewsNewsSports

ദേശീയ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരം പന്തിന് ലഭിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി പരിശീലകന്‍

തിരുവനന്തപുരം: ഇടം കൈയന്‍ ബാറ്റ്‌സ്മാനായതിനാലാണ് ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന് സഞ്ജു സാംസണിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്ജ്. സഞ്ജുവിന്റെ പരിശീലകനെന്ന നിലയില്‍ വ്യക്തിപരമായി ചോദിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഋഷഭ് പന്തിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്ന് നമുക്ക് വ്യക്തമാവും. അതില്‍ ഒന്നാമത്തെ കാരണം ഋഷഭ് പന്ത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതാണ്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികള്‍ക്കെതിരെ ഏത് ബാറ്റ്‌സ്മനാവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമാണ്. ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടായിരിക്കും അവര്‍ ടീമിനെ തെരഞ്ഞെടുക്കുക. എതിരാളികള്‍ക്ക് മികച്ചൊരു ലെഫ്റ്റ് ആം സ്പിന്നര്‍മാരോ ലെഗ് സ്പിന്നര്‍മാരോ അല്ലെങ്കില്‍ ഒരു ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളറോ ഉണ്ടെങ്കില്‍ ആ സമയം ഇടം കൈയനായ ഋഷഭ് പന്തായിരിക്കും കൂടുതല്‍ ഉപകാരപ്രദം. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ മന:പൂര്‍വം സഞ്ജുവിനെ ഒഴിവാക്കുന്നു എന്ന് കരുതാനാവില്ലെന്നും ബിജു പറയുന്നു.

സഞ്ജുവിന്റെ കളി കണ്ടാല്‍ നമുക്ക് മനസിലാവും ടൈംമിംഗാണ് സഞ്ജുവിന്റെ കരുത്തെന്ന്. തകര്‍ത്തടിച്ച് കളിക്കുന്ന താരമല്ല സഞ്ജു. പക്ഷെ ടൈമിംഗ് കൊണ്ട് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനാവും. അതാണ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നതും. അദ്ദേഹത്തിന്റെ ഐപിഎല്ലും ആഭ്യന്തര ഇന്നിംഗ്സും നിങ്ങള്‍ കാണുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അത്തരത്തിലുള്ള മികച്ച പ്രകടനങ്ങള്‍ കാണാം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ കവറുകളിലൂടെ മിക്ക ഷോട്ടുകളും അദ്ദേഹം ടൈം ചെയ്തു കളിച്ചു.

എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍, സഞ്ജുവിനോട് ആരോ വമ്പന്‍ ഷോട്ടുകള്‍ കളിക്കണമെന്ന് പറയുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് ടൈംമിംഗില്‍ ശ്രദ്ധിക്കാതെ അങ്ങനെ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് സഞ്ജു പെട്ടെന്ന് പുറത്താവുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം കണ്ടുമുട്ടുമ്പോഴെല്ലാം തങ്ങള്‍ ലോംഗ് ഡ്രൈവുകളില്‍ പോകാറുണ്ടെന്നും തങ്ങള്‍ ദീര്‍ഘനേരം സംസാരിക്കാറുണ്ടെന്നും പഴയ രീതി തിരിച്ചു പിടിക്കുന്നതിനെ കുറിച്ചും പന്ത് ടൈമെടുത്ത് നേരെ അടിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറയുന്നു.എന്തായാലും വരും സീസണില്‍ മറ്റൊരു സഞ്ജുവിനെയാകും നിങ്ങള്‍ കാണുകയെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും സഞ്ജു തിളങ്ങുമെന്നും ബിജു ജോര്‍ജജ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button