Latest NewsNewsIndia

അര്‍ണബിനെ കുറിച്ചുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ, ‘പേര്, അര്‍ണബ്- ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’

25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ കുറിച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. തുടര്‍ച്ചയായി പങ്കുവെച്ച ട്വീറ്റുകളില്‍ എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ ഒരു സിനിമ നിര്‍മ്മിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. ‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ചില ചാനലുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയില്‍ അര്‍ണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താന്‍ ഞെട്ടിയെന്ന് ഒരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു.

‘ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് പറയുന്നത്. ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാന്‍ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷെ അര്‍ണബിന്റെ ചിന്തയില്‍ ഇതെല്ലാം ഒന്നാണ്. ‘ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാന്‍ വിചാരിച്ചത്.’ സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്.

തന്റെ ചിത്രത്തിന്റെ പേര് നിശ്ചയിച്ചുവെന്ന് മറ്റൊരു ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്’, ട്വീറ്റില്‍ പറയുന്നു.

അര്‍ണബ് തന്റെ സിനിമയെ കുറിച്ച് പ്രതികരിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു കുഴപ്പമില്ലെന്നും അദ്ദേഹം കുറിച്ചു. അര്‍ണബ് തന്റെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയാല്‍ അത് തന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button