COVID 19Latest NewsKeralaNews

പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം : കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ വെല്ലുവിളിയായി ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രളയാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രളയം മൂലമുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുമുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പരിക്കേറ്റവരുടെ ചികിത്സ, അതിജീവിച്ചവരുടെ ശാരീരിക, മാനസികാരോഗ്യം തുടങ്ങിയ ഹ്രസ്വവും ദീര്‍ഘവുമായ പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പ്രളയത്തില്‍ സംസ്ഥാനത്തെ 22 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ പൂര്‍ണമായും തകരുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. അക്കാരണത്താല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പട്ടിക തയ്യാറാക്കി മെഡിക്കല്‍ രേഖകള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പദ്ധതി തയ്യാറാക്കി. താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള ഇതര സ്ഥലം കണ്ടെത്തുന്നതാണ്. ഏതെങ്കിലും കോവിഡ് ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, സിഎഫ്എല്‍ടിസികള്‍, ലബോറട്ടറികള്‍ എന്നിവ വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ടാകുമെങ്കില്‍ താരതമ്യേന സുരക്ഷിതമായ സ്ഥലത്ത് മാറ്റുന്നതിന് ഇതര ക്രമീകരണങ്ങളും ചെയ്യുന്നതാണ്.

പ്രളയ പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. വ്യക്തവും കൃത്യവും സമയബന്ധിതവുമായ പദ്ധതി തയ്യാറാക്കി ദുരന്തത്തെ നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ട്. മാസ് ക്വാഷ്വാലിറ്റികളുണ്ടായാല്‍ അതിനെ നേരിടാനായി ആശുപത്രികള്‍ സജ്ജമാക്കും. ട്രയേജ് പ്രോട്ടോകോള്‍ ആശുപത്രികള്‍ പാലിക്കണം.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ഗുരുതര രോഗികളെക്കുറിച്ചും അവരുപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും പട്ടിക തയ്യാറാക്കും. ഇവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ്. ദുര്‍ബലരായ ജനവിഭാഗമായ ഗര്‍ഭിണികളായ സ്ത്രീകള്‍, കിടപ്പിലായ ആളുകള്‍, പ്രായമായവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും നിരീക്ഷണം ശക്തിപ്പെടുത്തും. മരുന്നുകളുടേയും പ്രതിരോധ സാമഗ്രികളുടേയും സ്റ്റോക്ക് ഉറപ്പ് വരുത്തും. എലിപ്പനി പ്രതിരോധത്തിന് ഡോക്‌സിസൈക്ലിന്‍ ലഭ്യമാക്കും. ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍, ഫെയ്‌സ് മാസ്‌കുകള്‍, കയ്യുറകള്‍, സാനിറ്റൈസറുകള്‍ എന്നിവ ആവശ്യത്തിലേറെ ലഭ്യമാക്കും.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടായിരിക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുക. ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും പ്രവര്‍ത്തിക്കുക. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ദിവസത്തില്‍ രണ്ടുതവണ ശ്വസന ലക്ഷണങ്ങളുടെ പരിശോധന ആവശ്യമാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കുന്നതാണ്. കൈകള്‍ ശുചീകരിക്കാനുള്ള സൗകര്യം, സാനിറ്റൈസറുകള്‍ എന്നിവ സംഭരിക്കുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ എല്ലാവരും മാസ്‌ക് ധരിക്കണം.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാമ്പുകടി സാധാരണമായതിനാല്‍ ആശുപത്രികളില്‍ മതിയായ സ്‌നേക്ക് ആന്റീവെനം ലഭ്യമാക്കുന്നതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ 20 വീടുകള്‍ക്ക് ഒന്ന് എന്ന തരത്തില്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കുന്നതാണ്. പരിക്ക്, പാമ്പുകടി, പൊള്ളല്‍ എന്നിവയില്‍ പ്രഥമശുശ്രൂക്ഷാ പരിശീലനം നല്‍കുന്നതാണ്. ജില്ലാതല പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ദിവസംതോറും തയ്യാറെടുപ്പ് വിലയിരുത്തി മേല്‍ നടപടി സ്വീകരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button