KeralaLatest NewsNews

പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ രാജു

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നദിയിലും ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മൂഴിയാര്‍, മണിയാര്‍ എന്നീ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിട്ടുണ്ട്. നിലവില്‍ പമ്പ ഡാമില്‍ 71 ശതമാനം ജലനിരപ്പ് ഉണ്ട്. തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നാല്‍ പമ്പ ഡാം തുറക്കേണ്ടതായി വരും. കക്കി ആനത്തോട് ഡാം നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ല. വന പ്രദേശങ്ങളിലും ശക്തമായി മഴ ലഭിക്കുന്നുണ്ട്. മുന്‍പ് വെള്ളം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അടിയന്തരമായി ക്യാമ്പുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സജ്ജീകരണങ്ങള്‍ നടക്കുന്നുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള നദികള്‍ക്ക് സമീപം വസിക്കുന്നവര്‍ മാറി താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.

ക്യാമ്പുകളുടെ ക്രമീകരണത്തിനായി ഇരുപതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പ്രത്യേക ട്രെയിനിംഗ് ലഭിച്ച സന്നദ്ധസേവകര്‍ തുടങ്ങിയ സംഘം പ്രവര്‍ത്തനം ആരംഭിക്കും. ഇതിനോടകംതന്നെ റാന്നിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പുനരധിവാസ ക്യാമ്പുകളുടെ ചുമതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്.

അതേപോലെതന്നെ കോവിഡ് ക്യാമ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ നിയന്ത്രിക്കണം. നാലു വിഭാഗമായി തരം തിരിച്ചുള്ള ക്യാമ്പുകളിലാണ് ഇത്തവണ ആളുകളെ മാറ്റി പാര്‍പ്പിക്കുക. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെയും തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലേക്ക് 40 ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വള്ളങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡാമുകളില്‍ വെള്ളം ക്രമീകരിച്ച് തുറന്നു വിടണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണെന്നും വിവിധയിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയെന്നും മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി കൊണ്ടിരിക്കുകയാണെന്നും ഗതാഗതം തടസപ്പെട്ടതായും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. താമസിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി ക്യാമ്പുകള്‍ തുറക്കണം. അടിയന്തരമായി ടീമുകളെ എത്തിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

കല്ലടയാര്‍, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞാല്‍ അടൂര്‍ മണ്ഡലത്തില്‍ വെള്ളം പൊങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ഡിങ്കി ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പു വരുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ആറന്മുള മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളംകയറി തുടങ്ങിയതായി വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നാലു വിഭാഗത്തിലുള്ള ക്യാമ്പുകളുടെ ലിസ്റ്റ് ഉടന്‍ തയാറാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

മഴ ശക്തമാണെന്നും പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ ഗുരുതര സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വെള്ളപ്പൊക്കത്തിന് ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കും. ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് കൊടുത്തിട്ടുണ്ട്.

അത്യാവശ്യമായി ബന്ധപ്പെടേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുനരധിവാസ ക്യാമ്പുകള്‍ നാല് രീതിയിലാണ് തരം തിരിച്ചിട്ടുള്ളത്. ജനറല്‍ കാറ്റഗറി, 60 വയസിന് മുകളിലുള്ളവര്‍, കോവിഡ് രോഗലക്ഷണം ഉള്ളവര്‍, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നാലു വിഭാഗമായാണ് ക്യാമ്പുകളെ സജ്ജമാക്കുക. ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനത്തെ സംബന്ധിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആശയ വിനിമയത്തിനായി 20 ഹാം റേഡിയോ സജ്ജമാക്കിയിട്ടുണ്ട്. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍, എഡിഎം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അസിസ്റ്ററ്റ് കളക്ടര്‍ വി. ചെല്‍സാ സിനി, ഡിഎംഒ(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഡിപി എസ്. ഷാജി, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button