News

കരിപ്പൂര്‍ വിമാനപകടത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേയല്ല : കേന്ദ്ര വ്യോമയാന മന്ത്രി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19 ജീവന്‍ അപഹരിച്ച വിമാനദുരന്തത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേ അല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മംഗലാപുരം വിമാനത്താവളത്തില്‍ 2010ല്‍ ഉണ്ടായ അപകടത്തെ കൂടി താരതമ്യം ചെയ്ത് അപകടത്തിന് കാരണം കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ടേബിള്‍ ടോപ് വിമാനത്താവളങ്ങള്‍ രാജ്യത്ത് വേറെയും ഉണ്ടെന്നും അത് അപകടകാരണമായി എന്ന് പറയാനാകില്ലെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു. കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ടേബിള്‍ ടോപ് റണ്‍വേ വിമാനദുരന്തത്തിന് കാരണമാകില്ലെന്നും എല്ലാ വിമാനത്താവളങ്ങളിലും സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തം തന്നെയാണ് കരിപ്പൂരിലും സംഭവിച്ചത് എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ടേബിള്‍ടോപ് റണ്‍വേകളില്‍ വിമാനം ഇറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും മറ്റു വിമാനത്താവളങ്ങളില്‍ ഉള്ള അതേ അപകട സാധ്യത തന്നെയാണ് ഇവിടെയും ഉള്ളത് എന്നാണ് വ്യോമയാന രംഗത്ത് ഉള്ളവര്‍ പറയുന്നത്. കുന്നിന്‍ മുകളില്‍ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയെയാണ് ടേബിള്‍ ടോപ് എന്ന് പറയുന്നത്. ഇത്തരം റണ്‍വേകളുടെ ഒരു അറ്റമോ രണ്ടറ്റമോ താഴ്ന്ന സ്ഥിതിയിലാകും. കരിപ്പൂര്‍ വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അതേസമയം കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ പലതരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി വിവരം. 2009 ജൂലൈയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയ്ക്കുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രാലയം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. വിമാനത്താവളത്തിലെ പ്രധാന റണ്‍വെയില്‍ റബ്ബര്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും റണ്‍വേയില്‍ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button