KeralaLatest NewsNews

രാജമല ദുരന്തം ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസഖ്യ 27 ആയി

മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ വീണ്ടും തുടങ്ങി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ചവിട്ടിയാല്‍ അരയൊപ്പം വിഴുങ്ങുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു നടക്കുന്നത്.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമര്‍ന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ അതിസാഹസികമായി നടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും.

പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. കുത്തൊഴുക്കായി മലവെള്ളം എത്തിയതും വെല്ലുവിളിയായി. പെട്ടിമുടിയിലെ 3 ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.

7 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാല്‍ രാത്രി തിരച്ചില്‍ തുടരാന്‍ കഴിയുന്നില്ല. ഇതിനു പുറമെ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ ഇനിയും വൈകുമെന്നാണ് ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button