KeralaLatest NewsNews

ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സിന്റെ പ്രവര്‍ത്തനത്തിന് തടസം ക്ലേയുടെ അപര്യാപ്തത : ആശങ്കയിലായി 1500 കുടുംബങ്ങള്‍

തിരുവനന്തപുരം • ആയിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ ഉപജീവനത്തിന് ആശങ്കയായി ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് പ്രവര്‍ത്തനം നിലപ്പിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്‌കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്യാപ്തത കാരണമാണെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മഹേഷ് .എസ് അറിയിച്ചു. 2019 ജൂലൈയ് 15ന് മൈനിങ് അനുമതി സംബന്ധിച്ച് വിവരം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലത്തേയ്ക്ക് കമ്പനി അടച്ചിടുന്നതെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് പത്താം തീയ്യതിയോടെയാണ് കമ്പനിയുടെ കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികള്‍ മാനേജ്‌മെന്റ് അടച്ചു പൂട്ടിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചുവന്നിരുന്നത്. എങ്കിലും 1500 ജീവനക്കാരുടെ ഉപജീവനവും കുടുംബപ്രാരാബ്ധവും കണക്കിലെടുത്ത് കൈവശമുള്ള ക്ലേ ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും വന്നതോടെ കമ്പനി കൂടുതല്‍ നഷ്ടത്തിലായി. അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തതയും സര്‍ക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെയാണ് കമ്പനി അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് ഓപ്പറേഷന്‍സ് ഡി.ജി.എം മഹേഷ് പറഞ്ഞു.

നോണ്‍ ബ്ലാസ്റ്റിങ് രീതിയിലാണ് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്‌സ് മൈനിങ്ങ് നടക്കുന്നത്. ഇതിന് പുറമേ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനായുള്ള മഴക്കുഴികളായി മൈനിങ്ങ് പൂര്‍ത്തിയായ സ്ഥലങ്ങളെ മാറ്റിയെടുക്കുന്നുമുണ്ട്. പള്ളിപ്പുറത്തെ മൈനിങ്ങ് പൂര്‍ത്തിയായതോടെ പഴയ രീതിയിലേക്ക് സ്ഥലത്തെ മാറ്റിയ ശേഷമാണ് കമ്പനി അവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്. തോന്നയ്ക്കല്‍ പ്രദേശത്തെ മൈനുകളെല്ലാം കമ്പനിയുടെ സ്വന്തം സ്ഥലത്താണ് പ്രവര്‍ത്തനം നടക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേ ലിമിറ്റഡ്. പ്രതിവര്‍ഷം ഒരു കോടിയോളം രൂപയുടെ സാമൂഹിക ക്ഷേമ പദ്ധതികളാണ് കമ്പനി പരിസര പ്രദേശങ്ങളില്‍ നടപ്പാക്കി വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, റോഡ് നിര്‍മാണം, ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള സഹായം, അങ്കണവാടികളുടെ നിര്‍മാണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കുടിവെള്ള വിതരണം, വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം, ഹൈ മാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കമ്പനി നഷ്ടത്തിലായിരുന്നെങ്കിലും മുടക്കിയിട്ടില്ല.

ലോക്ക് ഡൗണ്‍ സമയത്ത് കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും ജീവനക്കാര്‍ക്ക് സഹായധനമെന്ന നിലയില്‍ ആനുകൂല്യം നല്‍കിയിരുന്നു. വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന കമ്പനിക്ക് ശമ്പള പരിഷ്‌കരണവും ആനുകൂല്യങ്ങള്‍ കൂട്ടുന്നതും ബുദ്ധിമുട്ടാണെന്ന് തൊഴിലാളികള്‍ മനസിലാക്കണമെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കി എത്രയും വേഗം പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇതിനായി അടുത്ത ദിവസം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് നിവേദനം നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

shortlink

Post Your Comments


Back to top button