KeralaLatest NewsNews

ഒരു ജനതയുടെ യഥാർത്ഥ നവോത്ഥാനം- ഇന്ത്യയുടെ ഏറ്റവും പരമപ്രധാനമായ ഒരു ചടങ്ങിൽ വെച്ച് സ്ത്രീകളുടെ അടിസ്ഥാന സാഹചര്യത്തെക്കുറിച്ച് വാചാലനായ ഒരു മനുഷ്യൻ, ഒരു പക്ഷെ നരേന്ദ്രമോദി മാത്രമായിരിക്കും അഞ്ജു പാർവതി പ്രഭീഷ്

ലാഭം ലക്ഷ്യമാക്കിയാൽ ഞാൻ മാത്രമേ സന്തോഷിക്കൂ,സമൂഹ നന്മ ലക്ഷ്യമാക്കിയാൽ ആയിരക്കണക്കിന് ആളുകളുടെ ചുണ്ടിൽ ചിരി പടർത്താൻ എനിക്ക് കഴിയുമെന്ന് പാഡ്മാൻ എന്ന സിനിമയിലെ നായകൻ പറയുമ്പോൾ അത് സമൂഹത്തിന്‍റെ നേർക്ക് വെക്കുന്ന സന്ദേശവും ചോദ്യവും ചെറുതല്ല. എന്നാൽ ഇതേ സന്ദേശം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചരിത്രപ്രധാനമായ ഒരു വേളയിൽ ആർത്തവമെന്ന പ്രക്രിയയെ മുൻനിറുത്തി പറയുമ്പോൾ അതല്ലേ യഥാർത്ഥ നവോത്ഥാനം? അതല്ലേ യഥാർത്ഥ സ്ത്രീശാക്തീകരണം?

സാനിട്ടറി നാപ്‍കിന്‍ എന്ന് കേട്ട് കേള്‍വി പോലുമില്ലാത്ത 88% -ഓളം പെണ്‍കുട്ടികളുള്ള നമ്മുടെ ഇന്ത്യയിൽ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു വഴി തുറന്നിട്ടത് സാനിട്ടറി നാപ്കിൻ വഴിയുള്ള വിപ്ലവത്തിൻ മേലാണ്. ഞാൻ ഒരു ദിവസം പാഡ് വച്ചാൽ നിങ്ങൾ രണ്ട് ദിവസം കഞ്ഞി കുടിക്കാതിരിക്കേണ്ടിവരും ” — സ്വന്തം ഭാര്യയുടെ ഒരു വാചകത്തിൽ നിന്ന് അരുണാചലം എന്ന കോയമ്പത്തൂര്‍കാരന്‍ തുടങ്ങിവെച്ച മുന്നേറ്റം ചെറുതായിരുന്നില്ല. വമ്പന്‍ ബ്രാന്‍ഡുകളുടെ സാനിട്ടറി പാഡിന്റെ വില താങ്ങാന്‍ കഴിയാത്തത് കൊണ്ടു തുണിയും പേപ്പറുമൊക്കെ ഉപയോഗിച്ചിരുന്ന തന്‍റെ ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടി തുച്ഛമായ തുകയ്ക്ക് നാട്ടില്‍ തന്നെ പാഡുകള്‍ നിര്‍മിച്ച് ആര്‍ത്തവ ശുചിത്വ വിപ്ലവത്തിന് തുടക്കം കുറിച്ച അരുണാചലത്തിന്‍റെ കഥ ഒരു വിസ്മയമാണെങ്കിൽ അതിനേക്കാൾ ഒരുപടി ഉയർന്ന മറ്റൊരു മുന്നേറ്റത്തിന്റെ കഥയാണ് സുവിധപാഡുകൾ.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 5500 ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇന്നു മുതൽ സാനിറ്ററി നാപ്കിനുകൾ ഒരു രൂപയ്ക്കു വാങ്ങാം. ഇത് പറഞ്ഞത് മറ്റാരുമല്ല.സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യയുടെ ഏറ്റവും പരമ പ്രധാനമായ ഒരു ചടങ്ങിൽ വെച്ച് സ്ത്രീകളുടെ അടിസ്ഥാന സാഹചര്യത്തെക്കുറിച്ച് വാചാലനായ ഒരു മനുഷ്യൻ ഒരുപക്ഷേ ചരിത്രത്തിൽ നരേന്ദ്രമോദി മാത്രമായിരിക്കും. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പ് ഒരു ജനനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായതല്ലേ യഥാർത്ഥ നവോത്ഥാനം!

തെരുവോരങ്ങളിൽ നിരന്നുനിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തുവിളിക്കുന്നതല്ല നവോത്ഥാനം. സ്ത്രീയുടെ യോനീമാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം. ഇന്നത്തെ കാലത്തു എല്ലാവർക്കും സാനിട്ടറി പാഡുകൾ വാങ്ങാൻ സൗകര്യമുള്ളവരല്ല. അതുകൊണ്ട് തന്നെ മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം സ്ഥിതിഗതികൾ നിലനിൽക്കെ തുച്ഛമായതും പ്രകൃതിക്ക് ഇണങ്ങിയവയുമായ പാഡുകൾ നിർധനരായ എല്ലാ സ്ത്രീകൾക്കും ലഭ്യമാവുകയെന്നതിലാണ് പുരോഗമനം.

കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നതിനുള്ള പദ്ധതി 2018 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്. മറ്റ് കമ്പനികളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് മികച്ച ഗുണമേന്മയും കുറഞ്ഞ വിലയുമുള്ള സുവിധ വിപണിയില്‍ ലഭ്യമാവുന്നത്. ഇതാണ് വിപ്ലവം.ചരിത്രപരമായ ഒരു വേദിയില്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ചും സാനിറ്ററി പാഡുകള്‍ നല്‍കിയതിനെക്കുറിച്ചും സംസാരിച്ച ആ ആർജ്ജവത്തിന്റെ പേരാണ് പുരോഗമനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button