KeralaLatest NewsNews

നവകേരള പീപ്പിള്‍സ് പാര്‍ട്ടി (എന്‍.കെ.പി.പി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പിറന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

കൊച്ചി: നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു. ജോസ് ഫ്രാന്‍സിസ് പ്രസിഡണ്ടും അജീഷ് ബേബി സെക്രട്ടറിയും റൂബിന്‍ സ്‌കറിയ ഖജാന്‍ജിയുമായ പാര്‍ട്ടിയുടെ ജില്ലാ പ്രാദേശിക ഘടകങ്ങള്‍ താമസിയാതെ രൂപീകരിക്കും. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയുടെ പതാകയും ചിഹ്നവും പ്രകാശനം ചെയ്തു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എന്‍കെപിപി മത്സരരംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയും ഇതിന്റെ ഭാഗമായി പുറത്തിറക്കി.

ആഗോളതലത്തില്‍ ജനങ്ങള്‍ സാമ്പത്തികമായും തൊഴില്‍പരമായും അരക്ഷിതാവസ്ഥ നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സാമ്പത്തികവും തൊഴില്‍പരവുമായ പുതിയ ദിശാബോധം നല്‍കാന്‍ ലക്ഷ്യമിട്ട് രൂപംകൊണ്ട ഒരു കൂട്ടം അഭ്യസ്തവിദ്യരുടെ കൂട്ടായ്മയാണ് നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്ന് നേതാക്കള്‍ അറിയിച്ചു. തെറ്റായ സാമ്പത്തിക നയങ്ങളും ആസൂത്രണമില്ലായമയും മൂലം കേരളത്തില്‍ അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാര്‍ തൊഴിലില്ലായ്മ നേരിടുകയാണ്. ഇതിന് പുറമേയാണ് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍. ഇവര്‍ക്ക് തൊഴിലും സാമ്പത്തികഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ് എന്‍കെപിപിയുടെ പ്രധാന ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അഭ്യസ്തവിദ്യരായ യുവാക്കളുടെയും പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരളത്തില്‍ മാറി മാറി ഭരിച്ച മുന്നണികള്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇത് ഇപ്പോഴും തുടരുകയാണ്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്ന ഇവര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാറില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ ശരിയായ സാമ്പത്തിക അടിത്തറ അനിവാര്യമാണ്. ഇതിന് ആദ്യം ശരിയായ തൊഴില്‍സംസ്‌കാരം ഇല്ലാത്ത സംസ്ഥാനമെന്ന ദുഷ്‌പേര് മാറ്റേണ്ടതുണ്ട്. ശരിയായ തൊഴില്‍സംസ്‌കാരം ഇല്ലെന്നതാണ് നാടിന്റെ വ്യാവസായിക അരക്ഷിതാവസ്ഥയ്ക്ക് കാരണം. ഇതിന് ആവശ്യമായ പദ്ധതികളും പരിപാടികളുമാണ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ട നാട്ടുകാരെയും പ്രവാസികളെയും കൃഷിയിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുകയെന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ആദ്യ ജനകീയ പദ്ധതിക്കും പാര്‍ട്ടി പ്രഖ്യാപനത്തോടെ തുടക്കം കുറിച്ചു. എന്‍കെപിപി പ്രസിഡന്റ് ജോസ് ഫ്രാന്‍സിസ്, സെക്രട്ടറി അജീഷ് ബേബി, ട്രഷറര്‍ റൂബിന്‍ സ്‌കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button